മോശമായ ആരോഗ്യാവസ്ഥയിൽ കാട്ടിലേക്ക് തുറന്ന് വിട്ട അരികൊമ്പന്റെ ശുഭകരമായ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ് നാട്. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. നിലവില്‍ അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയാണ്.
അരിക്കൊമ്പന്റെ പുറത്തുവന്ന വിഡിയോയയില്‍ ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാണ്. തുമ്പിക്കൈയിലെ മുറിവ് ഉണങ്ങിത്തുടങ്ങി. ആസ്വദിച്ച് വെള്ളം കുടിക്കുന്നതും തുമ്പിക്കൈ വെള്ളത്തിലിട്ട് കളിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നല്‍കിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. ഉള്‍ക്കാട്ടിലാണെങ്കിലും റേഡിയോ കോളര്‍ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിച്ചുവരികയാണ്.
ഈ മാസം ആറിനാണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടാന്‍ കോടതി ഉത്തരവിന് പിന്നാലെയാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നടപടി.