സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും താരവിവാഹം നാളെ. വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. വിവാഹ ക്ഷണപത്രത്തിന്റെ വീഡിയോ രൂപവും പ്രചരിക്കുന്നുണ്ട്.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്തനിക് പേസ്റ്റര്‍സ് ആണ് ഡ്രസ് കോഡ്.
ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.