ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തില്‍ ഖാലിസ്ഥാന്‍ പതാകകള്‍ സ്ഥാപിക്കുകയും, ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ കുറിച്ചിടുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമം.
‘താപിവനിലെ സംസ്ഥാന നിയമസഭയുടെ ഗേറ്റില്‍ ചില അക്രമികള്‍ അഞ്ചോ ആറോ ഖാലിസ്ഥാനി പതാകകള്‍ സ്ഥാപിക്കുകയും ചുവരില്‍ ഖലിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. പതാകകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ നീക്കം ചെയ്യുകയും ചെയ്തു. പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്,’ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.നിപുണ്‍ ജിന്‍ഡാല്‍ പ്രതികരിച്ചു.
പഞ്ചാബില്‍ നിന്നും സംസ്ഥാനത്ത് എത്തിയ വിനോദസഞ്ചാരികളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തില്‍ കടുത്ത പ്രതികരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിതോടെ, വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു.
‘രാത്രിയുടെ മറവില്‍ നിയമസഭാ ഗേറ്റിലും പരിസരത്തും ഖലിസ്ഥാന്‍ പതാക സ്ഥാപിച്ച ഭീരുത്വം നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നു. ഇനി അവിടെ നടക്കാനുള്ളത് ശീതകാല സമ്മേളനമാണ്. സമ്മേളനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കും’ ഹിമാചല്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ ട്വീറ്റ് ചെയ്തു.
ഖാലിസ്ഥാന്‍ പതാകകള്‍ നിയമസഭയ്ക്ക് പുറത്ത് കെട്ടിയ നടപടിയെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ അപലപിച്ചു. ധൈര്യമുണ്ടെങ്കില്‍ രാത്രിയുടെ ഇരുട്ടില്‍ അല്ല, പകലിന്റെ വെളിച്ചത്തില്‍ പുറത്തുവരൂ എന്ന് അക്രമികളെ അദ്ദേഹം വെല്ലുവിളിച്ചു. അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

