മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്നു നില ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്തു മരിച്ച സംഭവത്തിനു പിന്നില്‍ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നു പോലീസ് വെളിപ്പെടുത്തല്‍.
ഇന്‍ഡോര്‍ നഗരത്തിലെ വിജയ് നഗര്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നത്. സംഭവത്തില്‍ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കസ്റ്റഡിയിലായി.
തീപിടിത്തമുണ്ടായ ഫ്‌ലാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് തീപിടിത്തത്തിനു കാരണക്കാരനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയോടു പ്രതികാരം ചെയ്യാന്‍ ഇയാള്‍ അവരുടെ സ്‌കൂട്ടര്‍ കത്തിച്ചതാണ് ഏഴു പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തീപിടിത്തമുണ്ടായ ഫ്‌ലാറ്റില്‍ വാടകയ്ക്കു താമസിച്ചിരുന്ന വ്യക്തിയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായ ശുഭം എന്ന സഞ്ജയ് ദീക്ഷിത്. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു യുവതിയോട് സഞ്ജയ് അടുത്തിടെ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, ഇയാളുടെ പ്രണയാഭ്യര്‍ഥന തള്ളിയ യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസം മറ്റൊരു വ്യക്തിയുമായി ഉറപ്പിച്ചു.
ഇതില്‍ കുപിതനായി സഞ്ജയ് ദീക്ഷിത് ശനിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സ്‌കൂട്ടര്‍ പാര്‍ക്കിങ് സ്ഥലത്തുവച്ച് കത്തിച്ചു. ഈ സ്‌കൂട്ടറില്‍നിന്ന് തീനാളങ്ങള്‍ മൂന്നു നില കെട്ടിടത്തിലേക്കു പടര്‍ന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലായതിനാല്‍ ഫ്‌ലാറ്റുകളിലെ താമസക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
അതേസമയം, ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ ഒന്‍പതു പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.