ARATHI.T
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കനക്കുന്ന പൊളിറ്റിക്കൽ കറക്റ്റൻസ് ചർച്ചയിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി.താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ ഗ്രൂപ്പ് അഭിമുഖത്തിൽ വന്ന ഒരു ചോദ്യവും അതിന് മമ്മൂട്ടി നൽകിയ ഉത്തരവുമാണ് ചർച്ചയാകുന്നത്. ഐശ്വര്യ ലക്ഷ്മിയോട് ‘മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ’ എന്ന് ഒരാള്‍ ചോദിക്കുകയും. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മിയുടെ മറുപടിയുമായിരുന്നു സംഭവ വികാസങ്ങളുടെ തുടക്കം.’നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാമോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?’, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പ്രതികരണം.
ഈ പ്രതികരണത്തിനെതിരെ നിരവധി അനുകൂലവും പ്രതികൂലവുമായ കമന്റുകൾ ആണ് വരുന്നത്.മമ്മൂട്ടിയിൽ നിന്നും ഇത്തരം പ്രസ്താവന കേൾക്കുന്നത് സങ്കടകരമാണെന്നാണ് പൊതുവെയുള്ള സംസാരം.ഇത് ആദ്യമായല്ല മമ്മൂട്ടി ഇത്തരം പ്രസ്താവന വിവാദങ്ങളിൽ അകപ്പെട്ടു പോകുന്നത് എന്ന് നമുക്ക് അറിയാം.’2018′ എന്ന സിനിമയുടെ ട്രെയ്ലര് ലോഞ്ച് വേളയിൽ മമ്മൂട്ടി സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും ആ വേളയിൽ വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്.പ്രസ്താവനകളും പരാമർശങ്ങളും ഇഴ കീറി പരിശോധിക്കുന്ന ഇന്നത്തെ കാലത്ത് മമ്മൂട്ടിയെ പോലുള്ള ഒരു താരത്തിന്റെ പക്കൽ നിന്നും വരുന്ന ഇത്തരം പരാമർശങ്ങൾ കൂടുതൽ ചർച്ചയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടർന്ന് നടന്ന വിമര്‍ശനങ്ങളിലൂടെ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ അന്ന് ആ ചർച്ച അവിടെ അവസാനിച്ചു.ഇന്ന് അത് വീണ്ടും ഉയർന്നു കേൾക്കുന്നത് പുതിയ പ്രസ്താവനയോടെ ചേർന്നാണ്.എന്നാൽ ഇതിനെ അനുകൂലിക്കുന്ന ഒരു കൂട്ടം ആളുകൾ ഒരു തമാശയെ ഈ തരത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് ആണ് ചോദിക്കുന്നത്.സിനിമ പ്രൊമോഷൻ പരിപാടിക്കിടെ പറഞ്ഞ ‘തമാശ’യായി കാണൂ എന്നും ചിലർ അഭിപ്രായപെടുന്നുണ്ട്.തമാശകൾ എന്ന പേരിൽ മുൻപ് ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട പരാമർശങ്ങൾ തിരുത്തി ഉത്തരവാദിത്തതോടെ മുൻപോട്ട് പോകാനാണ് മമ്മൂട്ടിയെ പോലുള്ളവർ ശ്രമിക്കേണ്ടതെന്നും പലരും പറയുന്നു.ഇതിനിടെയാണ് നടൻ സൗബിൻ ഷാഹിറിന്റെ ഒരു പരാമർശവും ചർച്ചയാകുന്നത്.

രോമാഞ്ചം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓണ്‍ലൈന്‍ രോമാഞ്ചത്തിലെ അഭിനേതാക്കളെല്ലാം ഒരുമിച്ച് നല്കിയ അഭിമുഖത്തിനിടയാണ് സൗബിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശം ഉണ്ടായത്.സിനിമ ഹൊറര്‍ അല്ല കേട്ടോ, ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ എന്നാണ് അബിന്‍ ബിനോയെ ചൂണ്ടി അഭിമുഖത്തിനിടയില്‍ സൗബിന് പറഞ്ഞത്. രണ്ടാഴ്ച മുമ്പേ പുറത്തുവന്ന അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തിന്റെ ക്ലിപ്പിങ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സൗബിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നത്.
മമ്മൂട്ടിയേയും സൗബിനേയും പോലെ സ്വാധീനമുള്ള അപ്ഡേറ്റഡ് ആയ താരങ്ങള്‍ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ വാക്കുകള്‍ സൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞത് മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയ പറയുന്നു.

