പാകിസ്താൻ പിന്തുണയുള്ളതോ ഖലിസ്താൻ അനുഭാവം പുലർത്തുന്നതോ ആയ 1178 പ്രൊഫൈലുകൾ പൂട്ടണമെന്ന് ട്വിറ്ററിന് കേന്ദ്ര സർക്കാർ നിർദേശം.കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം,
ട്വിറ്ററിലെ 257 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നേരത്തേ നിർദേശം നൽകിയിരുന്നു. തുടർന്ന് ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുടുതൽ അക്കൗണ്ടുകൾ പൂട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം. ഐ.ടി നിയമത്തിലെ വകുപ്പ് 69 എ പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കണമെന്ന നിർദേശവും ട്വിറ്ററിന് നൽകി. എന്നാൽ സർക്കാറിന്റെ ആവശ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ഇൗ അക്കൗണ്ടുകൾ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്താൻ പിന്തുണയുള്ളതോ വിദേശത്തുനിന്ന് പ്രവർത്തിക്കുന്നതോ ആണ്. ഇവ കർഷകരുടെ തെറ്റായ വിവരങ്ങൾ, പ്രകോപനപരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ പങ്കുവെക്കാൻ ഉപയോഗിക്കുന്നു’ -സർക്കാർ പറയുന്നു. രാജ്യത്തെ ക്രമസമാധാനത്തിന് ഈ അക്കൗണ്ടുകൾ ഭീഷണിയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കർഷക പ്രക്ഷോഭം; 1178 പ്രൊഫൈലുകൾ പൂട്ടണമെന്ന് ട്വിറ്ററിന് കേന്ദ്ര സർക്കാർ നിർദേശം
