പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലിദ്വീപ് നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഈസ്മൈട്രിപ്പ്. കോം. മാലിദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്.കോം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാലിദ്വീപ് മന്ത്രിമാർ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലിദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലിദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഉത്തരവാദപ്പെട്ട മന്ത്രിമാർ തന്നെ ഇന്ത്യയെ പ്രകോപിപ്പിച്ചത് മാലിദ്വീപ് ടൂറിസത്തിന് ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഓരോ വർഷവും മാലിദ്വീപ് സന്ദർശിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിക്കുന്ന ഭാഷഉപയോഗിച്ച മാലിദ്വീപ് മന്ത്രിമാരുടെ കസേര തെറിച്ചത് മിന്നൽ വേഗത്തിലാണ്. മാലിദ്വീപ് മന്ത്രി മറിയം ഷിവുന തുടങ്ങിവെച്ച അധിക്ഷേപം വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത അടിയാകും എന്ന് കണ്ടാണ് മാലിദ്വീപ് എത്രയും വേഗം തിരുത്തൽ നടപടി സ്വീകരിച്ചത്. പക്ഷെ അതുകൊണ്ടൊന്നും ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുന്ന മാലിദ്വീപ് വിരുദ്ധ വികാരം ശമിച്ചിട്ടില്ല. വിനോദസഞ്ചാരം മുഖ്യ വരുമാന മാർഗങ്ങളിൽ ഒന്നായ മാലിദ്വീപിൽ ഓരോ വർഷവും 16 ലക്ഷം സഞ്ചാരികൾ എത്തുന്നുണ്ട്. ആകെ അഞ്ചു ലക്ഷം ജനങ്ങൾ മാത്രമുള്ള മാലിദ്വീപിൽ ഇരുപത്തി അയ്യായിരം പേർ ടൂറിസം മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. മാലിദ്വീപ്ന്റെ ദേശീയ വരുമാനത്തിന്റെ 28 ശതമാനം വിനോദസഞ്ചാരത്തിൽ നിന്നാണ് ലഭിക്കുന്നത്. മാലിദ്വീപിൽ എത്തുന്ന സഞ്ചാരികളിൽ 16 ശതമാനം ഇന്ത്യക്കാരാണുള്ളത്. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് ഏറെ അടുത്ത ഈ ദ്വീപ സമൂഹത്തോട് എന്നും സഞ്ചാരപ്രിയരായ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു. ആ ടൂറിസം സഹകരണത്തെയാണ് മാലിദ്വീപ് മന്ത്രിയുടെ വിവാദ പരാമർശം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വിവാദം ചൂടുപിടിച്ചതോടെ ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലിദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചും മാലിദ്വീപിനേക്കാൾ മനോഹര ഇടമായി ലക്ഷദ്വീപിനെ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി.
മാലിദ്വീപ് ടൂറിസത്തിന് തിരിച്ചടി; എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്. കോം

