സമാജ് വാദി പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ട്വിറ്ററിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിന് എസ്പി മീഡിയ സെല്‍ അംഗം മനീഷ് ജഗന്‍ അഗര്‍വാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. അറസ്റ്റിന് പിന്നാലെ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. പൊലീസുകാർ നൽകിയ ചായ കുടിയ്ക്കാൻ അഖിലേഷ് വിസ്സമ്മതിച്ചു. പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ നൽകിയ ചായയിൽ വിഷം കലർത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി. ‘നിങ്ങൾ നൽകിയ ചായ ഞാൻ കുടിക്കില്ല. ഒന്നുകിൽ ഞാൻ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കിൽ സ്വന്തമായി ഉണ്ടാക്കും. നിങ്ങൾ നൽകുന്ന ചായയിൽ വിഷം കലർന്നാൽ എന്ത് ചെയ്യും, എനിക്ക് നിങ്ങളെ വിശ്വാസമില്ല’ -അഖിലേഷ് പറഞ്ഞു. ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് മനീഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മനീഷ് ആണ്. മനീഷ് ജഗന്‍ അഗര്‍വാളിന് എതിരെ മൂന്നു കേസുകളാണ് യുപി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്