സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പ്രവൃത്തി വീടുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ പൈപ്പ് ലൈന്‍ പ്രവൃത്തി ഉപരോധിച്ച് പ്രതിഷേധിച്ചു.
ഗെയില്‍ പദ്ധതിയുടെ ഭാഗമായി അദാനി- ഇന്ത്യന്‍ ഓയില്‍ ലിമിറ്റഡിന്റെ സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടിയുള്ള പൈപ്പിടല്‍ പ്രവൃത്തിയാണ് ജനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. പന്തീര്‍പാടം സെഞ്ച്വറി ഹാള്‍ മുതല്‍ മുറിയനാല്‍ വരെ ഏകദേശം 300 ഓളം മീറ്റര്‍ ദൂരത്തിലാണ് തമ്മില്‍ ബന്ധിപ്പിച്ച പൈപ്പുകള്‍ റോഡരികിലായി നീളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അതുമൂലം മെയിന്‍ റോഡില്‍ നിന്നും വീടുകളിലേക്കുള്ള വഴികള്‍ തടസ്സപ്പെട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. 8 ദിവസത്തോളമായി യാതൊരു മാറ്റവുമില്ലാതെ പൈപ്പുകള്‍ അങ്ങനെ കിടക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികിലെ കച്ചവടക്കാര്‍ക്കും വീട്ടുകാര്‍ക്കും ഒരേപോലെ ഇതൊരു പ്രശ്‌നമായതോടെയാണ് വ്യാപാര വ്യവസായി സമിതി പന്തീര്‍പാടം യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞ് പ്രതിഷേധിച്ചത്.
തുടര്‍ന്ന് വ്യാപാരി വ്യവസായി നേതാക്കള്‍ പൈപ്പ്‌ലൈന്‍ പദ്ധതി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് മുമ്പായി പൈപ്പുകള്‍ മാറ്റിത്തരാമെന്നും പറ്റിയില്ലെങ്കില്‍ മുറിച്ചു മാറ്റിത്തരാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. പദ്ധതി അധികൃതരുടെ ഉറപ്പിന്റെ പിന്‍ബലത്തില്‍ താത്കാലികമായി പ്രവൃത്തി തുടരാന്‍ അനുവദിക്കുകയും ചെയ്തു.
നാളെയോടെ തടസ്സം മാറ്റിയില്ലെങ്കില്‍ റോഡുപരോധവും, പൈപ്പ്‌ലൈന്‍ പ്രവൃത്തി പൂര്‍ണ്ണമായും സ്തംഭിപ്പിക്കലും ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്ന് പൈപ്പ്‌ലൈന്‍ അധികൃതരെ അറിയിച്ചതായി വ്യാപാരി വ്യവസായി സമിതി പന്തീര്‍പ്പാടം യൂണിറ്റ് സെക്രട്ടറി സാജന്‍ കുന്ദമംഗലം ന്യൂസിനോട് പറഞ്ഞു.