ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ തുടരുന്ന മോദി സര്‍ക്കാരിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. .10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കാളികളായതോടെ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ഉടനീളം വാഹനങ്ങള്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഭാഗികമായി ഓടുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറു മണിയോടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും സര്‍വീസ് നിര്‍ത്തി. സ്വകാര്യ ബസുകള്‍ ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

