ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ കുത്തക ഭീമനായ ആമസോണിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) കത്തെഴുതി. രാജ്യത്തെ ചെറുകിട വ്യാപാരികളെ ആമസോണ്‍ കൊള്ളയടിക്കുന്നെന്ന് ആരോപിച്ചാണ് സി.എ.ഐ.ടി ഇ.ഡിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
2012ല്‍ ഇന്ത്യയില്‍ ആമസോണ്‍ ആരംഭിച്ചതു മുതല്‍, നമ്മുടെ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ധിക്കാരപരമായി ലംഘിച്ചുവെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സി.എ.ഐ.ടി അറിയിച്ചു. എഫ്.ഡി.ഐ, ഫെമ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കോടിക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് അമസോണ്‍ നഷ്ടമുണ്ടാക്കിയെന്നും സി.എ.ഐ.ടി ആരോപിക്കുന്നു.
നിരന്തരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടും ആമസോണിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ രാജ്യത്തെ ഏഴു കോടിയോളം വരുന്ന വ്യാപാരികളും തൊഴിലാളികളും ദുഖിതരാണ്. രാജ്യത്തെ ചെറുകിട വ്യാപാരികളുടെ വികാരം കണക്കിലെടുത്ത് വിദേശ ഇ-കൊമേഴ്സ് ഭീമന്മാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും സി.എ.ഐ.ടി ആവശ്യപ്പെടുന്നു.
ആമസോണ്‍ ഇന്ത്യ മറ്റ് ഉപകമ്പനികളിലൂടെയും ബിനാമി കമ്പനികളിലൂടെയും രാജ്യത്ത് റീട്ടെയില്‍ വ്യാപാരം നടത്തുന്നത് എങ്ങനെയെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ടെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു. ഇത് എഫ്.ഡി.ഐ പോളിസി, ഫെമാ ചട്ടങ്ങള്‍ എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംബിആര്‍ടി കമ്പനിയായ മോര്‍ റീട്ടെയില്‍ ലിമിറ്റഡില്‍ ആമസോണ്‍ എങ്ങനെയാണ് നിക്ഷേപം നടത്തിയതെന്ന് ഖണ്ടേല്‍വാള്‍ ചോദിക്കുന്നു. ആമസോണ്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ നിക്ഷേപ കരാറുകളും ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 1,44,500 കോടി രൂപ പിഴ ചുമത്തണമെന്നും ഖണ്ടേല്‍വാള്‍ ഇ.ഡിയോട് ആവശ്യപ്പെട്ടു.

