International News

ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ പ്രതിഷേധം; പങ്കെടുത്തത് ആയിരത്തിലേറെ പേര്‍

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം. ആയിരങ്ങളാണ് ഇന്നലെ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം, കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുക, മോദി ഇന്ത്യയെ അദാനിക്കും അംബാനിക്കും വില്‍ക്കുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആല്‍ഡ്വിച്ചില്‍ ഇന്ത്യന്‍ എംബസിക്കു സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ട്രാഫല്‍ഗര്‍ ചത്വരത്തിലേക്കാണ് പ്രകടനം നടത്തിയത്. കര്‍ഷകര്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ ബ്രിട്ടനിലെ സിഖുകള്‍ ഉള്‍പ്പെടെ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ 30ല്‍ അധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചായിരുന്നു പ്രതിഷേധ പ്രകടനം. തുടര്‍ന്നായിരുന്നു അറസ്റ്റ്. അതേസമയം, പ്രത്യേക അനുമതിയില്ലാതെ ആയിരങ്ങളുടെ ഒത്തുചേരല്‍ എങ്ങനെ നടന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ഇന്ത്യാ വിരുദ്ധ അജണ്ട പിന്തുടരാനുള്ള അവസരമായാണ് പലരും ഇതിനെ ഉപയോഗിച്ചത്. ഇന്ത്യയിലെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്ന സര്‍ക്കാരിന്റെ നിലപാടും ഹൈക്കമ്മീഷന്‍ വക്താവ് ആവര്‍ത്തിച്ചു.

കര്‍ഷക സമരത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ 36 എംപിമാര്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ്പിന് കത്ത് നല്‍കിയിരുന്നു. ലേബര്‍ പാര്‍ട്ടി പ്രതിനിധിയും ഇന്ത്യന്‍ വംശജനുമായ തന്‍മന്‍ജിത് സിംഗിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ കത്തെഴുതിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നാണ് കത്തില്‍ വിശേഷിപ്പിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് നിയമങ്ങള്‍. അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സാധാരണക്കാരായ കര്‍ഷകരെ നിയമം എങ്ങനെ ബാധിക്കുമെന്ന് വിശദീകരിച്ച് എംപിമാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്കും നേരത്തെ കത്ത് എഴുതിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മറ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ആഭ്യന്തര കാര്യങ്ങളിലെ അസ്വീകാര്യമായ ഇടപെടലാണെന്ന് ഇന്ത്യയുടെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!