ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നവംബർ ഒന്നു മുതൽ സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷം സമാപിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപനസമ്മേളനം ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. മലയാളഭാഷയുടെ പൈതൃകവും അടയാളവും കാത്തുസൂക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും സർക്കാർ നടപടിക്രമങ്ങളിൽ ഭരണഭാഷ കുറ്റമറ്റ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മലയാള ഭാഷ ഐക്യവേദി സംസ്ഥാന സമിതി അംഗവും അധ്യാപകനുമായ ഷിജു ആര്‍ മുഖ്യപ്രഭാഷണം നടത്തി.നമ്മുടെ ചിന്തകൾക്കും സ്വപനങ്ങൾക്കും കരുത്തുപകരാൻ മാതൃഭാഷയോളം ശക്തി മറ്റൊന്നിനുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലൊരു ബഹുഭാഷാ സംഗമ കേന്ദ്രത്തിൽ എഴുപത് ശതമാനത്തിലധികം ആളുകൾ സംസാരിക്കുന്ന ഭാഷ അതത് സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം രൂപീകൃതമാകുന്നതിനു മുന്നേ കേരളത്തെ, മലയാളനാടെന്ന് വിശേഷിപ്പിക്കപ്പെട്ടതിന് നിരവധി രേഖകൾ ലഭ്യമാണ്. അതിനാൽ കേരളീയന് മലയാളഭാഷയോടുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് മനസ്സിലാകും.
ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ അവരോട് സംസാരിക്കുകയും സർക്കാർ ആവശ്യങ്ങളിൽ ഇതേ ഭാഷ ഉപയോഗിക്കുകയും ചെയ്യേണ്ടത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി എസ് വിനോദ് , ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഫിലിപ്പ്, അതുൽ എസ് നാഥ്, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിപു ലോറൻസ് , അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ബിജു ആർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു