വാഷിങ്ടണ്‍: സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമല ഹാരിസ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദു:ഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ കമല ഇന്ന് തന്റെ ഹൃദയവും മനസും നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു. ‘നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞു പോകില്ല’. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു.
ഡോണള്‍ഡ് ട്രംപിനോട് ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറാണെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറി തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.