
ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗവുമായിരുന്നു. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ. നാലു മക്കളുണ്ട്.
ജനകീയ വോട്ടുകളിൽ മുന്നിലെത്തിയിട്ടും 2016ൽ ജയിക്കാതെ പോയ ഹിലറി ക്ലിന്റന്റെ വിധിയും ഇത്തവണ ബൈഡനുണ്ടായില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം 7.48 കോടി വോട്ടുകളാണ് ബൈഡനു ലഭിച്ചത്. ട്രംപിനാകട്ടെ 7.05 കോടി വോട്ടുകളും. നവംബർ മൂന്നിനു നടന്ന പ്രധാന തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടെണ്ണിയപ്പോൾ യുഎസിലെ ആകെയുള്ള 50 സ്റ്റേറ്റുകളിൽ ഭൂരിപക്ഷവും വിജയികളെപ്പറ്റി വ്യക്തമായ സൂചന നൽകിയിരുന്നു. 29 വോട്ടുകളുള്ള ഫ്ലോറിഡയിൽ വിജയിച്ചതോടെ ട്രംപ് ക്യാംപുകളിൽ ആഹ്ലാദാരവവും ഉയർന്നു.
എന്നാൽ ഫ്ലോറിഡ പിടിക്കുന്നവർ പ്രസിഡന്റാകുമെന്ന ‘പരമ്പരാഗത വിശ്വാസത്തിനാണ്’ ബൈഡന്റെ വിജയത്തോടെ താൽക്കാലിക വിരാമമായിരിക്കുന്നത്. ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫ്ലോറിഡയിൽനിന്നു ജയിച്ചവരെല്ലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്–1992ൽ ഒഴികെ. അന്ന് ഡമോക്രാറ്റിക് സ്ഥാനാർഥി ബിൽ ക്ലിന്റൻ ഫ്ലോറിഡയിൽ ജോർജ് ഡബ്ല്യു. ബുഷിനോടു തോറ്റെങ്കിലും പ്രസിഡന്റ് സ്ഥാനത്തെത്തി. ഇത്തവണയും ചരിത്രം ബൈഡനിലൂടെ ആവർത്തിക്കുകയാണ്.
നവംബർ നാലിലെ വോട്ടെണ്ണലിനൊടുവിൽ 22 സ്റ്റേറ്റുകളിലും തലസ്ഥാന പ്രദേശമായ വാഷിങ്ടൻ ഡിസി ഉൾപ്പെട്ട ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ബൈഡൻ വിജയം ഉറപ്പിച്ചിരുന്നു– ആകെ ലഭിച്ചത് 264 വോട്ടുകളും. 23 സ്റ്റേറ്റുകളിൽ മുന്നിലെത്തിയ ട്രംപിനു ലഭിച്ചതാകട്ടെ 214 വോട്ടുകളും. അന്തിമവിധി പറയാൻ അവശേഷിച്ചിരുന്നത് അഞ്ച് സ്റ്റേറ്റുകൾ–ജോർജിയ, നെവാഡ, പെൻസിൽവേനിയ, നോർത്ത് കാരലൈന, അലാസ്‍ക. ഇവിടങ്ങളിലാകെ ഉണ്ടായിരുന്നത് 60 ഇലക്ടറൽ വോട്ടുകളും.
കടന്നത് നിർണായക ദിനങ്ങൾ
നവംബർ അഞ്ചിന് രാവിലെ യുഎസിൽ വോട്ടെണ്ണൽ പുനഃരാരംഭിച്ചതോടെ ലോകശ്രദ്ധ മുഴുവൻ ചാഞ്ചാടിനിന്ന ഈ അഞ്ചു സ്റ്റേറ്റുകളിലേക്കും 60 വോട്ടുകളിലേക്കുമായി. അലാസ്‌കയിൽ 50% വോട്ടെണ്ണിത്തീർന്നപ്പോൾത്തന്നെ ട്രംപ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ അഞ്ചിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ അതുവരെ മുന്നിട്ടു നിന്നിരുന്ന പെൻസിൽവേനിയയിലും ജോർജിയയിലും ട്രംപിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
ജോർജിയയിൽ അഞ്ചിനു രാവിലെ 18,148 ആയിരുന്നു ട്രംപിന്റെ ഭൂരിപക്ഷം. പക്ഷേ അന്നു വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഭൂരിപക്ഷം 1775ലേക്കു താഴ്ന്നു. പെൻസിൽവേനിയയിൽ അഞ്ചിനു രാവിലെ ട്രംപിന്റെ ഭൂരിപക്ഷം 1.35 ലക്ഷത്തിലേറെയായിരുന്നു. വൈകാതെ അത് 18,000ത്തിലേക്കു താഴ്ന്നു. ആരായിരിക്കും യുഎസ് പ്രസിഡന്റ് എന്നതിന്റെ അന്തിമവിധി ഈ രണ്ടു സ്റ്റേറ്റുകളിലൊന്നിനെ കേന്ദ്രീകരിച്ചാകുമെന്നത് ഉറപ്പായിരുന്നു. അതുപോലെത്തന്നെ സംഭവിച്ചു.
നവംബർ ആറിനു രാവിലെ വോട്ടെണ്ണിത്തുടങ്ങിയതിനു പിന്നാലെ ജോർജിയയും പെൻസിൽവേനിയയും ട്രംപിനെ കൈവിട്ടു. ജോർജിയയിൽ 1000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ബൈഡൻ ട്രംപിനെ ആദ്യഘട്ടത്തിൽ മറികടന്നത്. തൊട്ടുപിന്നാലെ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ പെൻസിൽവേനിയയിലും ബൈഡൻ ട്രംപിനെ മറികടന്നു. ജോർജിയയിൽ 16ഉം പെൻസിൽവേനിയയിൽ 20 ഇലക്ടറൽ വോട്ടുകളാണുള്ളത്. യുഎസ് സമയം നവംബർ 7 രാവിലെ 11.30ഓടെ പെൻസിൽവേനിയയിലെ വിജയത്തോടെ ആരായിരിക്കും പ്രസിഡന്റെന്ന കാര്യത്തിൽ ഏകദേശ തീരുമാനമായി– ബൈഡന്റെ ഇലക്ടറൽ വോട്ടുനിലയ്ക്കൊപ്പം 270 കടന്ന മാന്ത്രികസംഖ്യകൾ ലോകമാധ്യമങ്ങൾ എഴുതിച്ചേർത്തു. ഡമോക്രാറ്റിക് ക്യാപുകളിൽ സന്തോഷാരാവം മുഴങ്ങി.
നവംബർ അഞ്ചു മുതൽ എണ്ണാൻ ശേഷിച്ചിരുന്ന ഏകദേശം 18.21 ലക്ഷം വോട്ടുകളിൽ ഭൂരിഭാഗവും പോസ്റ്റൽ വോട്ടുകളായിരുന്നു. കോവിഡിനെ ഭയക്കാതെ പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാനായിരുന്നു ട്രംപിന്റെ ആഹ്വാനം. എന്നാൽ ജനത്തിന്റെ ആരോഗ്യഭീഷണി കണക്കിലെടുത്ത് പരമാവധി പോസ്റ്റൽ വോട്ടുകൾക്കായിരുന്നു ബൈഡന്റെ നിർദേശം. അങ്ങനെ, മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഏകദേശം 10 കോടി പോസ്റ്റൽ വോട്ടുകളാണ് ലഭിച്ചത്. ഈ വോട്ടുകൾ ബൈഡന് അനുകൂലമാകുമെന്നായിരുന്നു റിപ്പബ്ലിക്കൻ ക്യാംപുകളിലെ ഉൾപ്പെടെ അടക്കം പറച്ചിൽ. എന്നാൽ പ്രധാന തിരഞ്ഞെടുപ്പിനു ശേഷം ലഭിക്കുന്ന വോട്ടുകളിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ട്രംപ് കോടതി കയറാനൊരുങ്ങുന്നത്. ബൈഡന്‍ അനുകൂലികളും മറ്റു പുരോഗമനവാദികളുമാകട്ടെ ‘അവസാനത്തെ വോട്ടും എണ്ണണം’ എന്ന ക്യാംപെയ്നുമായി രംഗത്ത് സജീവവുമാണ്.
വിജയം ഉറപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ നിയമപരമായി നേരിടാൻ ട്രംപ് തയാറെടുക്കുന്നതോടെ ഡമോക്രാറ്റിക് ക്യാംപും ഒരുങ്ങിത്തന്നെയാണെന്ന് ബൈഡനും വ്യക്തമാക്കിക്കഴിഞ്ഞു. പോർട്‌ലൻഡിലും ന്യൂയോർക്കിലും ഉൾപ്പെടെ യുഎസിന്റെ പല ഭാഗങ്ങളിലും സംഘർഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വരുംനാളുകളും യുഎസ് രാഷ്ട്രീയഭൂമി സംഘർഷഭരിതമായി തുടരുമെന്നു ചുരുക്കം.

