കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി . ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫാൽഗുനി പുഴയിൽ നിന്ന് മൃതദേഹം ലഭിച്ചത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. മുംതാസ് അലി പാലത്തിൽ നിന്നു സ്വയം ഫാൽഗുനി പുഴയിലേക്ക് ചാടിയതാകാനാണ് സാധ്യതയെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകൾ പൊലീസിനോടു പറഞ്ഞത്.
അതിനിടെ, മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന കേസിൽ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. മുംതാസ് അലിയുടെ സഹോദരൻ ഹൈദരലിയുടെ പരാതിയിൽ റെഹാമത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് കേസ്. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽനിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതൽ പണമാവശ്യപ്പെട്ട് ഇവർ മുംതാസ് അലിയെ സമ്മർദത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു.