International

ഇസ്രയേൽ – പലസ്തീൻ യുദ്ധം; ഇസ്രയേലിൽ 6 മരണം; 200-ൽ അധികംപേർക്ക് പരിക്ക്;ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം

ടെല്‍ അവീവ്: ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. 5,000-ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് പറഞ്ഞിരുന്നത്. ഇതിന് ശേഷം 2,000-ഓളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടി.വി. റിപ്പോര്‍ട്ടുചെയ്തു. ആക്രമണങ്ങളിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെ്‌ഡൈറോത്തില്‍ വീടുകള്‍ ഹമാസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്‌കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റേയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. തെക്കന്‍ ഇസ്രയേലിലെ കുസെയ്ഫ് നഗരത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും മേയര്‍ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ ഒരു മേയര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പത്തുവര്‍ഷത്തിനിടെ ഇസ്രയേലിനുമേല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണെന്ന് അവിടെയുള്ള മലയാളികള്‍ പറഞ്ഞു. നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അക്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. മരണത്തിന് കാരണം റോക്കറ്റ് ആക്രമണങ്ങളല്ലെന്നും നുഴഞ്ഞുകയറിയവരുടെ ആക്രമണമാണെന്നും അവര്‍ അറിയിച്ചു. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് നൽകിയിരിക്കുന്നത്.

അതേസമയം, ഹമാസിനെതിരെ തങ്ങള്‍ തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. അതിനിടെ വടക്കന്‍ ഗാസ മുനമ്പില്‍ ഇന്തോനേഷ്യന്‍ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പലസ്തീന്‍ അപലപിച്ചു. സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരന് ജീവന്‍ നഷ്ടമായിരുന്നു. ഓപ്പറേഷന്‍ എയേണ്‍ സ്വോര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്. തിരിച്ചടി ഭയന്ന് ഗാസിയിലെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് പലസ്തീനികള്‍ പലായനം ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!