ഗസ്സ: ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹിയ സിന്‍വാറിനെ പ്രഖ്യാപിച്ച് ഹമാസ് പൊളിറ്റ്ബ്യൂറോ. തെഹ്‌റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹമാസിന്റെ പ്രഖ്യാപനം. രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക് പകരം യഹിയ സിന്‍വാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. 61കാരനായ സിന്‍വാറാണ് ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രം. ആക്രമണത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ നരനായാട്ടില്‍ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു.