ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കുറുപ്പ്’ ചിത്രത്തിനെതിരെ നിയമനടപടി. കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകൻ ജിതിനുമാണ് നിയമനടപടിയുമായി രംഗത്തെത്തിയത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കാണണമെന്നാണ് ശാന്തയും ജിതിനും ആവശ്യപ്പെടുന്നത്. സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദുൽഖർ സൽമാന് വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന വിവരണം ഉണ്ടായിരുന്നുവെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സിനിമ ഒരുക്കുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.