മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുറച്ചു നാള്‍ ടെക് പ്രേമികള്‍ നടന്നത്. എന്നാല്‍, സാംസങ് റിവ്യൂവിനു നല്‍കിയ മോഡലുകളുടെ ‘വിജാഗിരി’ ഭാഗത്ത് ചുളുക്കുകള്‍ വീണതുകൊണ്ട് സാംസങ് ഇതിന്റെ വില്‍പ്പന തുടങ്ങിയിട്ടില്ല. ഗ്യാലക്‌സി ഫോള്‍ഡും വാവെയുടെ മെയ്റ്റ് 10 തുടങ്ങിയ മടക്കാവുന്ന ഫോണുകളും ഇപ്പോള്‍ മുന്‍പന്തിയില്‍ നിന്നു പിന്നോട്ടുപോയിരിക്കുന്ന തക്കത്തിനാണ് പ്രമുഖ ലാപ്‌ടോപ് നിര്‍മാതാവായ ലെനോവോ തങ്ങളുടെ പുത്തന്‍ ലാപ്‌ടോപ് സങ്കല്‍പ്പവുമായി എത്തിയിരിക്കുന്നത്.
ഫോള്‍ഡബ്ള്‍ ഫോണുകളില്‍ കണ്ടതു പോലെ മടക്കാവുന്ന ഒരു സ്‌ക്രീനുള്ള ലാപ്‌ടോപ് തങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലെനോവോ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ക്കറ്റിലെത്തിക്കാനാണ് ശ്രമം. പരമ്പരാഗത ലാപ്‌ടോപ് സങ്കല്‍പ്പം അല്‍പം പൊളിച്ചെഴുതുന്ന ഒന്നാണ് കമ്പനി കൊണ്ടുവരാനിരിക്കുന്നത്. പുതിയ ഉപകരണത്തിന് ഒരു പേരു പോലും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. ലെനൊവോ അവതരിപ്പിച്ച സങ്കല്‍പ്പ ലാപ്‌ടോപ്പില്‍ തിങ്ക്പാഡ് ലോഗൊ മാത്രമാണുള്ളത്. അതുകൊണ്ട് ഇത് തിങ്ക്പാഡ് X1 കുടുംബത്തിലെ അംഗമായിരിക്കുമെന്നാണ് അനുമാനം.