വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു
ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍ അറക്കവീട്ടില്‍,കിരണ്‍ ജോണി,വാസുദേവ് എന്നിവരാണ് മരിച്ച മലയാളികള്‍. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരം മാധവപുരം സ്വദേശി ദീപക് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.എം.എസ്
മാനുഫാക്ചറിങ് കമ്പനിയിൽ അക്കൗണ്ടന്റ് ജനറലായി ജോലി ചെയ്തു വരികയായിരുന്നു. വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.
വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത്
ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ്
ഇന്നലെ സംഭവിച്ചത്. ദുബൈ പൊലീസ് സംഭവ സ്ഥലത്ത്
പാഞ്ഞെത്തി അടിയന്തിര രക്ഷാപ്രവർത്തനം നടത്തി മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.