സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബസ്സില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍. സര്‍ക്കാരിന്റെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി) ബസിലാണ് സ്റ്റാലിന്‍ യാത്ര ചെയ്തത്. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്.
സ്ത്രീ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം നിറവേറ്റി.
അതേസമയം, ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിരവധി ക്ഷേമപദ്ധതികളും സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം നല്‍കുമെന്നാണ് പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം. ജനങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ ‘ദ്രാവിഡ മാതൃക’യാണ് താന്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒന്നാണതെന്നും സ്റ്റാലിന്‍ വിശദീകരിച്ചു.