തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിർത്തിവെച്ചു. നിലവിൽ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകൾ അനുവദിക്കൂ.
ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയാണ് പാസുകൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ നിർദേശിച്ചത്.
വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥർക്ക് തന്നെയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബിശ്വനാഥ് സിൻഹയുടെ തീരുമാനം. അതേ സമയം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരേണ്ടവർക്ക് കോവിഡ് ജാഗ്രത എന്ന വെബ്സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാൽ തമിഴ്നാട്ടിൽ നിന്നും മറ്റും വരുന്നവർക്ക് ഇന്നലെ വൈകീട്ട് മുതൽ വാളായാർ ചെക്പോസ്റ്റ് ഓപ്ഷൻ നൽകാൻ സാധിച്ചിരുന്നില്ല. വാളായറിലെ വൻതിരക്ക് കണക്കിലെടുത്താണിതെന്നാണ് സൂചന.