വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗുമായി ബന്ധമില്ല. തമിഴ് മാനില മുസ്‌ലിംലീഗിന്റെ (ടി.എൻ.എം.എം.എൽ) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റേതെന്ന രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയാണ് തമിഴ് മാനില കക്ഷി. കുവൈത്തിൽ വിലക്കിയതിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. ടി.എൻ.എം.എം.എൽ സ്ഥാപക നേതാവാണ് വി.എം.എസ് മുസ്തഫ. കുവൈത്തിൽ നേരത്തെ സിനിമ പ്രദർശനം വിലക്കിയിരുന്നു. അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയിലറിൽ മുസ്‌ലിം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതെ തുടർന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്‌ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.