കെഎസ്ആർടി സി ബസിൽ യാത്രക്കാരിക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തിൽ കണ്ടക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് ബാധ്യതയുണ്ടെന്നും കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.കെ എസ് ആർ ടി സി കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി അതിക്രമത്തിൽ പ്രതികരിച്ച അധ്യാപികയെ അഭിനന്ദിച്ചു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആർ ടി സി ബസിൽ വെച്ച് അതിക്രമത്തിനിരയായത്. കണ്ടക്ടർക്ക് വീഴചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ച് അധ്യാപികയെ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനെതിരേ ഉറക്കെ ഇവര്‍ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, ഇവര്‍ക്ക് മറ്റ് യാത്രക്കാരില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ പിന്തുണ ലഭിച്ചില്ല. അത്ര ഗൗരവമായ വിഷയമല്ലെന്ന രീതിയില്‍ കണ്ടക്ടര്‍ പെരുമാറിയെന്നും അധ്യാപിക ആരോപിച്ചു. കോഴിക്കോട് നടക്കാവ് പൊലീസിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തിരുന്നു.
ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെയും ബസ് കണ്ടക്ടറേയും പ്രതിയാക്കിയാണ് കേസ്.
മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് യുവതി പറഞ്ഞിരുന്നു.യുവതിയോട് മാപ്പ് പറയാൻ തയാറാണെന്ന് കണ്ടക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇടപെട്ട ഗതാഗതമന്ത്രി ആന്റണി രാജു യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.