
സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കും.ക്ഷേമ പെന്ഷന് വര്ധിപ്പിക്കുന്നതിനൊപ്പം വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് നികുതിയേതര ഫീസുകളും കൂട്ടിയേക്കും. സാമ്പത്തിക അവലോകന റിപ്പോർട്ടും ഇന്ന് നിയമസഭയിൽ വെക്കും.ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാദ്ധ്യത. ക്ഷേമ പെൻഷനിൽ 200 രൂപയുടെയെങ്കിലും വർദ്ധന പ്രതീക്ഷിക്കുന്നു. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇതിനായി ഒരു മാസത്തേക്ക് 900 കോടി രൂപ ആവശ്യമുണ്ട്. 2021ൽ ക്ഷേമ പെൻഷൻ 100 രൂപ കൂട്ടിയിരുന്നു.മെഡിസെപ് പുന:സംഘടന, സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക, അടുത്ത ശമ്പളകമ്മിഷൻ എന്നിവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് സി പി ഐയുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത പെൻഷൻ കൊണ്ടുവരുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പങ്കാളിത്ത പെൻഷനിൽ നിന്ന് പിൻമാറുമെന്ന സൂചനയെങ്കിലും ബഡ്ജറ്റിലുണ്ടായേക്കും.വിവാദ കിഫ്ബി റോഡ് ടോൾ പിരിവ് പ്രഖ്യാപനമുണ്ടാകുമോ എന്ന ആശങ്ക ജനത്തിനുണ്ട്.വയനാട് പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ പദ്ധതി പ്രഖ്യാപിക്കും. വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപനവും പ്രതീക്ഷിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർക്കാർ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളുണ്ടായേക്കും. ഇതിനായി ഫീസുകളും പിഴത്തുകകളും വർദ്ധിപ്പിച്ചേക്കും.നികുതി വർദ്ധനയ്ക്ക് സാദ്ധ്യത കുറവാണ്. എന്നാൽ ഭൂമിയുടെ ന്യായവില വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ട്. വന്യജീവി പ്രശ്നപരിഹാരത്തിന് കുടുതൽ പരിഗണന നൽകിയേക്കും. ഒരു വർഷം കൊണ്ട് തീർക്കാവുന്ന പദ്ധതികൾ പ്രതീക്ഷിക്കാം.

