പാവങ്ങാട് – ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാത നവീകരണം വേഗത്തിലാക്കും
പാവങ്ങാട് – ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയുടെ നവീകരണ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർദേശം നൽകി. ജില്ലയിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇത് ടാർജറ്റ് റോഡ് ആയി കണക്കാക്കണമെന്നും റോഡിന്റെ പണി പൂർത്തീകരിക്കുന്നതോടെ ജില്ലയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
പാവങ്ങാട്-ഉള്ള്യേരി, ഉള്ള്യേരി-കുറ്റ്യാടി എന്നിങ്ങനെ രണ്ടു റീച്ചുകളിലായാണ് നവീകരണം നടക്കുക. ഇതിൽ ആദ്യ റീച്ചിന്റെ ഭൂമി ഏറ്റെടുക്കലിന് കൊയിലാണ്ടി ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ തഹസിൽദാർക്ക് ഇതിനകം ചുമതല നൽകിയിട്ടുണ്ട്. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നും അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയുമെന്നും ചീഫ് എൻജിനീയർ അറിയിച്ചു. ഫെബ്രുവരി 18 നകം ടെൻഡർ നടപടി പൂർത്തീകരിക്കാനും മാർച്ച് 15 അതിർത്തിക്കല്ലുകൾ മുഴുവനായും സ്ഥാപിക്കാനും മന്ത്രി നിർദേശം നൽകി.
ഉള്ള്യേരി-കുറ്റ്യാടി റീച്ചിന്റെ വിശദ പദ്ധതി രേഖ മാർച്ച് 15 ഓടെ സമർപ്പിക്കാൻ ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡ് വികസനത്തിന്റെ സാധ്യതാ പഠനത്തിനുള്ള കരട് അലൈൻമെന്റ് ലഭിച്ചതായി യോഗത്തിൽ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. എലത്തൂർ, ബാലുശ്ശേരി, കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോവുന്നത്. പാവങ്ങാട്- ഉള്ള്യേരി 17.60 കിലോമീറ്ററും ഉള്ള്യേരി-കുറ്റ്യാടി 25.6 കിലോമീറ്ററും ആണ്.
സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നടത്താനിരിക്കുന്ന ഐ.ടി.ഐ/ ഡിപ്ലോമ/എഞ്ചിനീയറിംഗ് (ഇലക്ട്രിക്കല്‍) എന്നിവയില്‍ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായുള്ള സാങ്കേതിക പരീക്ഷകള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നു.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 15 വൈകുന്നരം 5 മണിക്ക് മുമ്പായി cdc.perambra എന്ന ലിങ്ക് വഴിയോ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ അടുപ്പില്‍ ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനു വേണ്ടി കണ്ടെത്തിയ ഭൂമി രജിസ്‌ട്രേഷന്റെ മുന്നോടിയായി നറുക്കെടുപ്പ് നടത്തി. 6.5 കോടി രൂപയാണ് 12 ഏക്കര്‍ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന് റവന്യൂവകുപ്പ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇപ്പോഴുള്ള കോളനിയുടെ 500 മീറ്റര്‍ അകലെയാണ് പുതിയ സ്ഥലം. 2019ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധസംഘം സ്ഥലത്തെത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോളനി നിവാസികളെ പുനഃരധിവസിപ്പിക്കാന്‍ നടപടിയെടുത്തത്.
കോളനിയിലെ സാംസ്‌കാരികനിലയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. ഇ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, വടകര ആര്‍.ഡി.ഒ. സി. ബിജു, തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, ജില്ലാ പട്ടികജാതി ഓഫീസര്‍ സെയിദ് നെയിം, പേരാമ്പ്ര ട്രൈബല്‍ ഓഫീസര്‍ എസ്. സലീഷ്, അഡീഷണല്‍ തഹസില്‍ദാര്‍ വി.കെ. സുധീര്‍, വാര്‍ഡ് മെമ്പര്‍ ശാരദ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന്‍ , പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രജിസ്‌ട്രേഷന്‍ നടപടി അടിയന്തരമായി പൂര്‍ത്തീകരിച്ച് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. ഇ.കെ. വിജയന്‍ അറിയിച്ചു.
ബേപ്പൂര്‍ തുറമുഖത്ത് ചരക്കുനീക്കത്തിന് തടസമുണ്ടാകില്ല – മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ഇലക്ട്രോണിക് ഡേറ്റാ ഇന്റര്‍ചെയ്ഞ്ച് സംവിധാനം ഒരുക്കും
ബേപ്പൂര്‍ തുറമുഖത്ത് വിദേശ രാജ്യങ്ങളില്‍നിന്നും എത്തുന്ന കപ്പലുകളിലെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇലക്ട്രോണിക് ഡേറ്റാ ഇന്റര്‍ചെയ്ഞ്ച് (ഇ.ഡി.ഐ) സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യമായ പശ്ചാത്തല ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.
എക്‌സ്‌റേ മെഷീന്‍കൂടി സ്ഥാപിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. പുതിയ എക്‌സ്‌റേ മെഷീന്‍ വാങ്ങുന്നതിനുള്ള സാങ്കേതിക നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇത് പൂര്‍ത്തിയാക്കുമെന്ന് തുറമുഖം അധികൃതര്‍ മന്ത്രിയെ അറിയിച്ചു. കസ്റ്റംസിന് അണ്ടര്‍ടേക്കിംഗ് നല്‍കി ചരക്കുനീക്കം പ്രതിസന്ധിയിലാകാതെ കാര്യങ്ങള്‍ ക്രമീകരിക്കും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇലക്ട്രോണിക് ഡേറ്റാ ഇന്റര്‍ചെയ്ഞ്ച് സംവിധാനം ഒരുക്കാത്തതിനാല്‍ ബേപ്പൂര്‍ തുറമുഖത്തുനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ബേപ്പൂര്‍ തുറമുഖം വഴിയുള്ള ഇറക്കുമതിയും പ്രതിസന്ധിയിലായെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിച്ചത്
ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ്്് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ഫോറം www.srccc.in -ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക്: 04712325101, 8281114464
നാലാം ഘട്ട അലോട്ട്‌മെന്റ്
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ നാലാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റൗട്ടെടുത്ത മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്സ്. 537/2022
നോർക്ക റൂട്ട്സിൽ സൗദി എംബസി സാക്ഷ്യപ്പെടുത്തൽ
നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു.
കേരളത്തിൽ നിന്നും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവർക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാൻ തയാറെടുക്കുന്നവർക്കും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (റെഗുലർ മോഡ്) നോർക്ക-റൂട്ട്സ് ഓഫീസുകൾ വഴി സൗദി അറേബ്യൻ കൾച്ചറൽ അറ്റാഷേയുടെയും സൗദി അറേബ്യൻ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി സമർപ്പിക്കാവുന്നതാണ്.
സൗദി അറേബ്യൻ വിദേശശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫർ ലെറ്റർ/എംപ്ലോയ്മെന്റെ ലെറ്റർ ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ norkacertificates@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി – യും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂ – വും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് 0471-2300524.
വാക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളജിലെ ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കു കരാർ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കാലാവധി ഒരു വർഷം. ക്രിയാശാരീരം – ഫെബ്രുവരി എട്ടിന് രാവിലെ 11 മണി, ആർ ആൻഡ് ബി – ഫെബ്രുവരി ഒമ്പതിന് രാവിലെ 11, ശല്യതന്ത്ര – ഫെബ്രുവരി 10ന് രാവിലെ 11 എന്നിങ്ങനെയാകും വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അതതു വിഷയങ്ങളുടെ ഇന്റർവ്യൂ നടക്കുന്ന സമയത്ത് കോളജ് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 9 മുതൽ 25 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയും. ഓൺലൈൻ ആപ്ലിക്കേഷൻ ഫെബ്രുവരി 25ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്തിരിക്കണം.
സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
സ്‌പെഷ്യൽ അലോട്ട്‌മെന്റ്
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 8, 9 തീയതികളിൽ സമർപ്പിക്കുകയും ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ഫെബ്രുവരി 10 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.