സ്വയം പ്രതിരോധത്തിന് കരുത്താർജിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് താങ്ങാവുന്നതിനും സ്ത്രീസമൂഹം പ്രതിബദ്ധരാവണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിദ്യാർഥിനികളുടെ കായിക – മാനസിക – സാമൂഹിക വികസനം ലക്ഷ്യമാക്കികൊണ്ടുള്ള കേരള സർക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ തൈക്വാണ്ടോ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആയോധന കലയിൽ പരിശീലനം നേടുന്നതിലൂടെ പെൺകുട്ടികൾക്ക് ആത്മധൈര്യവും സുരക്ഷിതത്വ ബോധവും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതേ വേദിയിൽ വെച്ച് ബി. ആർ. സി യുടെ കരാട്ടെ പരിശീലനത്തിന്റെയും എസ്. എസ്. എൽ. സി. പഠനോത്സാവം 2022 ന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
കോഴിക്കോട് കോർപറേഷൻ നികുതി അപ്പീൽ കമ്മിറ്റി ചെയർമാൻ പി. കെ. നാസർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ എം. എസ്. ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. ചാലപ്പുറം സ്കൂൾ പ്രിൻസിപ്പൽ വി.ടി.കൃഷ്ണൻ, ഹെഡ്മിസ്ട്രെസ് കെ. ലൈല,പി. ടി. എ. പ്രസിഡന്റ് പി. അബ്ദുൽ ജബ്ബാർ, എസ്. എം. സി. ചെയർമാൻ എം. കെ. വിബിൻ കുമാർ, എം. പി. ടി. എ. പ്രസിഡന്റ് പ്രീതാ ഷൺമുഖം തുടങ്ങിയവർ പങ്കെടുത്തു.