ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യോഗി ആദിത്യനാഥ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ “ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം” എന്ന് വിളിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാക്കൾ അമ്പലങ്ങൾ സന്ദർശിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പ്രതിപക്ഷം വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ‘ഹർ കി പൗരി’ സന്ദർശിച്ച മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അദ്ദേഹം പരിഹസിച്ചു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.