മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫറൂഖി ജയിൽ മോചിതനായി. സുപ്രിംകോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്നാണ് ഫറൂഖിയുടെ മോചനം.
സുപ്രിംകോടതി ജഡ്ജി മജിസ്ട്രേറ്റിനെ ഫോണിൽ വിളിച്ച് ഫറൂഖിയുടെ മോചനം ഉറപ്പാക്കി. ജാമ്യ ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താൽ ഫറൂഖിയുടെ മോചനം 36 മണിക്കൂർ വൈകിയതോടെ വെബ്സൈറ്റിലെ ഉത്തരവ് നോക്കി മോചിപ്പിക്കണമെന്ന് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിൽ അപൂർവ സംഭവമാണ് ജാമ്യം നടപ്പിലാക്കാൻ ജഡ്ജി നേരിട്ട് ഇടപെട്ടതെന്ന് നിയമവിദഗ്ധർ പറയുന്നു.
സ്റ്റാൻഡപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവർ സുപ്രിംകോടതിയെ സമീപിച്ചത്.