ലക്നോ: ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 31 വര്‍ഷം. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബ്റി മസ്ജിദ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ എത്തിയ കര്‍സേവകര്‍ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകര്‍ത്ത് പള്ളിക്ക് സാരമായ കേടുപാടുകള്‍ വരുത്തി. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടും അതിന് പിന്നാലെയും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു.
എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിന് ബിജെപിയും വിഎച്ച്പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയിയിരുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. എന്നാല്‍ വേണ്ട വിധത്തില്‍ കേസന്വേഷിച്ച് ബാബറി മസ്ജിദ് തകര്‍ത്ത മുതിര്‍ന്ന ബിജെപി നേതാക്കളുള്‍പ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.
1949ല്‍ പള്ളി സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെ അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചു. 1989ല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കല്ലിടലിന് അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, ദേശീയ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടി അയോദ്ധ്യയില്‍ വച്ച് ഉദ്ഘാടനം ചെയ്തു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കേന്ദ്രസേനയെ പള്ളി പരിസരത്ത് വിന്യസിക്കാതെ കര്‍സേവകര്‍ക്ക് ഒത്താശ ചെയ്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവും ഇപ്പോള്‍ അയോദ്ധ്യയില്‍ തുടങ്ങിവച്ച രാമക്ഷേത്ര നിര്‍മ്മാണത്തിനായി സകലവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദിഗ്വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കളും വര്‍ഗീയ രാഷ്ട്രീയത്തിന് കുട പിടിക്കുന്നു. ഇന്ന് ബാബ്റി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രനിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്നതും സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്.