
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്വേഗജനകമായ നിലയിലേക്ക്. പുതിയ പ്രസിഡന്റിനെ ഇന്ന് അറിയാനാകുമെന്നാണ് സൂചന. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ട്രംപിന് 213 ഇലക്ട്രല്‍ വോട്ടും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബിഡന് 253 വോട്ടുകളുമാണുള്ളത്. അതേസമയം ബിഡന് 264 വോട്ടും ട്രംപിന് 214 വോട്ടും ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പോലെയുള്ള വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുരോഗമിക്കുന്ന നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഫലം നിര്‍ണിയിക്കുക. ഇതില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയ ജോര്‍ജിയയിലെയും പെന്‍സില്‍വാനിയയിലെയും ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്. ഇവിടെ രണ്ടിടത്തും ജോ ബിഡന്‍ നടത്തിയ മുന്നേറ്റം മത്സരം ഉദ്വേഗജനകമാക്കിയിട്ടുണ്ട്.
99 ശതമാനം വോട്ടെണ്ണി കഴിഞ്ഞ ജോര്‍ജിയയില്‍ ട്രംപിന് 3500ല്‍പ്പരം വോട്ടുകളുടെ ലീഡാണുള്ളത്. കഴിഞ്ഞ ദിവസം 30000ല്‍ അധികം വോട്ടുകള്‍ക്കാണ് ഇവിടെ ട്രംപ് ലീഡ് ചെയ്തിരുന്നത്. അന്തിമ വോട്ടുകള്‍ ഏറെ നിര്‍ണായകമാണിവിടെ. ജോര്‍ജിയയില്‍ 16 ഇലക്ട്രല്‍ വോട്ടുകളാണുള്ളത്. 20 ഇലക്ട്രല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയിലും ജോ ബിഡന്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് നടത്തിയത്. ഇവിടെ ട്രംപിന്റെ ലീഡ് കഴിഞ്ഞ ദിവസത്തെ ഒന്നരലക്ഷത്തില്‍നിന്ന് 65000 ആയി ചുരുക്കാന്‍ ബിഡന് സാധിച്ചു.
അതേസമയം തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിജയി താന്‍ ആണെന്ന് ട്രംപ് ഒരിക്കല്‍ കൂടി അവകാശപ്പെട്ടു. ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായ വോട്ടുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് തെളിവുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. നിയമപരമായി പരിശോധിച്ചാല്‍ താന്‍ എളുപ്പത്തില്‍ തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും എണ്ണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ജോ ബിഡന്‍ ആവശ്യപ്പെട്ടു. ‘ജനങ്ങള്‍ നിശ്ശബ്ദരാകുകയോ ഭയപ്പെടുകയോ കീഴടങ്ങുകയോ ചെയ്യില്ല. എല്ലാ വോട്ടുകളും എണ്ണണം, ‘ ബിഡന്‍ ട്വീറ്റ് ചെയ്തു.
അതേസമയം വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ നിയമപോരാട്ടവും മുറുകകയാണ്. നാലു സംസ്ഥാനങ്ങളിലെ മത്സരഫലത്തിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോടതിയെ സമീപിച്ചു. നെവാദയ്ക്കു പുറമെ ജോര്‍ജിയ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഈ നാല് സംസ്ഥാനവും ലഭിച്ചാല്‍ മാത്രമേ ട്രംപിന് ജയിക്കാനാകൂ.
അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വോട്ട് ചെയ്ത യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭയിലും സെനറ്റിലും ആര്‍ക്കും ഇതുവരെ ഭൂരിപക്ഷം ആയിട്ടില്ല. 435 അംഗ പ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 208 സീറ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 190 സീറ്റുമായി. 37 സീറ്റില്‍ കൂടി ഫലം അറിയാനുണ്ട്. 100 അംഗ സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് 48, ഡെമോക്രാറ്റുകള്‍ക്ക് 46 എന്നാണ് ഒടുവിലെ നില. രണ്ട് സ്വതന്ത്രരും സഭയിലുണ്ട്. നാല് സീറ്റിലെ ഫലം വരാനുണ്ട്.

