വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ന് സൂപ്പർ സൺഡേ. സെമി സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ദുബായിൽ വൈകീട്ട് 3.30 മുതലാണ് മത്സരം.
പാകിസ്താനെതിരേ ആകെ കളിച്ച 15 ട്വന്റി-20 മത്സരങ്ങളിൽ 12 വിജയമുള്ള ഇന്ത്യക്ക് ഇക്കാര്യത്തിൽ മുൻതൂക്കമുണ്ടെങ്കിലും ആദ്യമത്സരത്തിൽ ന്യൂസീലൻഡിനോടേറ്റ 58 റൺസ് തോൽവിയുടെ ക്ഷീണംമാറാതെയാണ് ടീം കളിക്കാനിറങ്ങുന്നത്. ആദ്യമത്സരത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ പിന്നിലായിരുന്നു. ഇനിയൊരു തോൽവികൂടി വഴങ്ങിയാൽ സെമികാണാതെ പുറത്താകും. റൺറേറ്റിലും ഏറെ പുറകിലാണ് ഇന്ത്യ. അവസാനഘട്ടത്തിൽ ടീമുകളുടെ പോയിന്റുനില തുല്യമായാൽ ഈ റേൺറേറ്റുമായി പിടിച്ചുനിൽക്കാനാകില്ല.
ആദ്യമത്സരത്തിൽ മൂന്നുസ്പിന്നർമാരും മൂന്നുപേസർമാരും ഉൾപ്പെടെ ആറുബൗളർമാരുമായി ഇറങ്ങാനുള്ള തീരുമാനം പാളിപ്പോയെന്ന വിലയിരുത്തലുണ്ട്. ഇതോടെ, ബാറ്റിങ്ങിന്റെ ആഴം നഷ്ടപ്പെട്ടു എന്നുമാത്രമല്ല ബാറ്റർമാരുടെ പൊസിഷൻ മാറി കളിക്കേണ്ടിവന്നു. സാധാരണയായി നാലാം നമ്പറിൽ ഇറങ്ങാറുള്ള ഹർമൻപ്രീത് കൗർ വൺഡൗണായി ഇറങ്ങിയതോടെ മധ്യനിരയിലാകെ സ്ഥാനംമാറി. ആറു ബൗളർമാരുണ്ടായിട്ടും കിവീസിനെ ചെറിയ സ്‌കോറിൽ ഒതുക്കാനുമായില്ല. അവർ കുറിച്ച 160 റൺസ് ഈ ലോകകപ്പിലെ ഉയർന്ന ടീം സ്‌കോറാണ്. പാകിസ്താനെതിരേ, മുൻനിരബാറ്റർ ദയാലൻ ഹേമലതയെ കളിപ്പിച്ചേക്കും.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 31 റൺസിന് തോൽപ്പിച്ച ആവേശത്തിലാണ് പാകിസ്താൻ വരുന്നത്. സാദിയ ഇഖ്ബാൽ, നിദാ ദർ എന്നിവരുൾപ്പെട്ട പാക് സ്പിൻനിര അതിശക്തമാണ്. പേസ് ഓൾറൗണ്ടറായ ക്യാപ്റ്റൻ ഫാത്തിമ സനയുടെ മികവും ടീമിന് കരുത്തേകുന്നു. എന്നാൽ, പ്രധാന പേസ് ബൗളർ ഡയാന ബെയ്ഗിന് ആദ്യമത്സരത്തിനിടെ പരിക്കേറ്റത് തിരിച്ചടിയാണ്.

