കീഴ്മാട് മാമ്പുഴപാലം പുതുക്കിപ്പണിയുന്നതിനുള്ള അലൈന്‍മെന്‍റ് തീരുമാനമായി. പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലം മാമ്പുഴക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്. വെള്ളിപറമ്പ ആറാം മൈലില്‍ നിന്ന് പയ്യടിമീത്തലിലേക്ക് പോവുന്ന ബസ് സര്‍വ്വീസുള്ള ഈ റോഡില്‍ നിലവിലുള്ള ഇടുങ്ങിയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പാലം നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ 2022-23 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അലൈന്‍മെന്‍റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദീപ കാമ്പുറത്ത്, പാലം വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ എന്‍.വി ഷിനി, അസി.എഞ്ചിനീയര്‍ വി അമല്‍ജിത്, ഓവര്‍സിയര്‍ പി.ടി ജിതിന്‍ സംബന്ധിച്ചു.