തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എപ്പോള്‍ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും ബ്രസീല്‍ ഉപയോഗിക്കുമെന്ന് ലുല ഡ സില്‍വ പറഞ്ഞു. 50 ശതമാനം തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് യുഎസും ബ്രസീലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറിയ്ക്ക് ശ്രമിച്ചുവെന്നുള്ള ആരോപണത്ത തുടര്‍ന്ന് വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോയ്ക്കെതിരായ നടപടിയെ ‘വേട്ടയാടല്‍’ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.
തീരുവകള്‍ ഏര്‍പ്പെടുത്തിയ ദിവസത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരിത്രത്തിലെ ‘ഏറ്റവും ഖേദകരമായ’ സമയമെന്നാണ് ലുല വിശേഷിപ്പിച്ചത്. ബ്രിക്‌സ് (BRICS) പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തുന്നതിന് തന്റെ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസിലെ ഭരണമാറ്റത്തിന് മുന്‍പുതന്നെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായും ബ്രസീലിയയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ ലുല പറഞ്ഞു.
തീരുവകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിനെ വിളിക്കില്ലെന്നും യുഎസ് നേതാവിനോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും ലുല പറഞ്ഞു. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിളിക്കുമെന്നും ലുല വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് ഇപ്പോള്‍ യാത്ര ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ വിളിക്കില്ലെന്നും മറ്റ് നിരവധി പ്രസിഡന്റുമാരെ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നവംബറില്‍ ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 30 ലേക്ക് ട്രംപിനെ ക്ഷണിക്കുമെന്ന് ലുല പറഞ്ഞു.
യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന കൂട്ടായ്മയാണ് ബ്രിക്‌സ് എന്നാണ് യുഎസിന്റെ ആരോപണം. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ബ്രിക്‌സിലുണ്ട്. ബ്രിക്‌സ് നയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസുമായി തുല്യ വ്യവസ്ഥകളോടെയും പരസ്പര ബഹുമാനത്തോടെയും ഉള്ള തീരുവചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ലുല വ്യക്തമാക്കിയിരുന്നു.
തീരുവകളെക്കുറിച്ചും രാജ്യങ്ങള്‍ക്കിടയിലുള്ള മറ്റ് തര്‍ക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബ്രസീല്‍ പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും തന്നെ വിളിക്കാമെന്നായിരുന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. ബ്രസീല്‍ ജനതയെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ബ്രസീല്‍ ഭരിക്കുന്നവര്‍ തെറ്റായ കാര്യമാണ് ചെയ്തതെന്നും ട്രംപ് പറയുകയുണ്ടായി. അതേസമയം, ബസീലിയയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച ബ്രസീല്‍ ധനമന്ത്രി ഫെര്‍ണാണ്ടോ ഹദ്ദാദ് ട്രംപിന്റെ പരാമര്‍ശങ്ങളെ ‘ഗംഭീരം’ എന്ന് വിശേഷിപ്പിച്ചു. ലുലയ്ക്കും ഇതേ അഭിപ്രായമാണെന്നും യുഎസ് പ്രസിഡന്റിന്റെ ഫോണ്‍ കോള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നും തനിക്ക് ഉറപ്പുണ്ടെന്ന് ഹദ്ദാദ് പറഞ്ഞു.

