കുന്ദമംഗലം; ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ക്യാമ്പ് കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മാധവന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. 500ൽ പരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നിൻമേൽ, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ചടങ്ങിൽ മുഖ്യ അതിഥി ആയി.
കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ ബാംഗ്ലൂർ, നാഷണൽ കരിയർ സർവീസ് അക്കാദമി തിരുവന്തപുരം, ക്യൂബ്സ് എജുകേയർ ഫൗണ്ടേഷൻ കൊച്ചിൻ എന്നീ സ്ഥാപനങ്ങളുടേയും നിയോജകമണ്ഡലം എം.എൽ.എയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
വീൽചെയറുകൾ, ട്രൈ സൈക്കിൾ, ഹിയറിംഗ് എയ്ഡ്, സ്മാർട്ട്ഫോൺ, വൈറ്റ് കെയ്ൻ, റൊളേറ്റർ, സി.പി വീൽചെയർ തുടങ്ങിയ ഉപകരണങ്ങളാണ് അർഹരായ 321 പേർക്ക് കുന്ദമംഗലത്ത് വെച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്. ചടങ്ങിൽ സാനു കെ സുഗതൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ രാജീവ് പെരുമാൻ പുറ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ് സജി ജോർജ് ആശംസകൾ അറിയിച്ചു. എ വി അശോക് കുമാർ സ്വാഗതവും അനൂപ് സാധൻ നന്ദിയും പറഞ്ഞ ചടങ്ങ് ഉച്ചഭക്ഷണത്തോടെ സമാപിക്കും.

