രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍.ധ്യാൻ ചന്ദിന്റെ പേരിലായിരിക്കും ഖേൽ രത്‌ന പുരസ്‌കാരം ഇനി അറിയപ്പെടുന്നത്. ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന എന്നായിരിക്കും ബഹുമതി അറിയപ്പെടുക.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഇത് വരെ പുരസ്‌കാരം അറിയപ്പെട്ടിരുന്നത്. കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ചുള്ള ആവശ്യം നേരത്തെയും ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് കായിക താരങ്ങൾക്ക് നൽകുന്ന പുരസ്‌കാരത്തിന് ഒരു കായിക താരത്തിന്റെ തന്നെ പേര് നൽകിയത്.
ഖേൽ രത്‌ന പുരസ്‌കാരത്തിന് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേര് നൽകണമെന്ന അഭ്യർത്ഥന രാജ്യത്തിന്റെ പല കോണുകളിൽ നിന്നായി തനിക്ക് ലഭിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ അഭ്യർത്ഥന പരിഗണിച്ച് പുരസ്‌കാരം ഇനി മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ഹോക്കിയിലെ മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ കാലഘട്ടം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്.

