പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പിന് മാര്‍ഗരേഖയായി
നിയമസഭാതിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കാനുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ചു.
പി.വി.സി. ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി., പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനചക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം. നൂറുശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ച തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ -പുനഃചംക്രമണ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ ബോര്‍ഡുകളോ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ.
ഇത്തരം പ്രചാരണോപാധികള്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീ സൈക്ലബിള്‍, പി.വി.സി.ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അനുയോജ്യമായ നിയമനടപടികള്‍ സ്വീകരിക്കും.
പുനഃചംക്രമണ- പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പിനുശേഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേന വഴി സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍കേരളയ്ക്ക് കൈമാറേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചേ അലങ്കരിക്കാന്‍ പാടുള്ളൂ.
പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ബോധവത്കരണം നടത്തണം. കോവിഡ് മാനദണ്ഡം പാലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ബയോ മെഡിക്കല്‍ മാലിന്യസംസ്‌ക്കരണ നടപടികള്‍ സ്വീകരിക്കണം.
അവശ്യ സേവനവിഭാഗം ജീവനക്കാര്‍ക്കും ഇത്തവണ തപാല്‍ വോട്ട്
*അപേക്ഷകള്‍ മാര്‍ച്ച് 17 നകം സമര്‍പ്പിക്കണം.
വോട്ടെടുപ്പ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പ് ദിവസം ജോലി ചെയ്യുന്ന വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ക്ക് മാത്രമായിരുന്നു തപാല്‍ വോട്ടിനുള്ള അവസരമുണ്ടായിരുന്നത്.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും. കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അടക്കമുള്ള പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിരുന്നു. തപാല്‍ വോട്ടുകള്‍ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 17 -നകം അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഫോറം 12 ഡിയില്‍ സമര്‍പ്പിക്കണം.
ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്‌സ് , ജയില്‍, എക്‌സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി സി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിങ്് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം.
ഓരോ വകുപ്പുകളിലും മറ്റ് വിഭാഗങ്ങളിലും എത്രപേര്‍ക്ക് തപാല്‍ വോട്ട് വേണ്ടിവരുമെന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് വിഭാഗം ശേഖരിച്ചുവരികയാണ്. കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേകം തയ്യാറാക്കുന്ന പട്ടിക പ്രകാരമായിരിക്കും തപാല്‍ വോട്ട് അനുവദിക്കുക.
അര്‍ഹരായ വോട്ടര്‍ക്ക് ലഭിക്കുന്ന 12 ഡി ഫോറത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കലാണ് തപാല്‍ വോട്ടിനുള്ള ആദ്യ നടപടി. മാര്‍ച്ച് 17-നുള്ളില്‍ അപേക്ഷ അതത് റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ അനുവദിക്കുന്ന തപാല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ വഴിയോ തപാല്‍ വഴിയോ റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവര്‍ക്ക് ചിഹ്നം അനുവദിച്ച് കഴിഞ്ഞ ശേഷമായിരിക്കും തപാല്‍ വോട്ടിനുള്ള ബാലറ്റുകള്‍ തയ്യാറാക്കുക.
തപാല്‍ വോട്ട്;
ജില്ലയില്‍ ഫോറം വിതരണം തുടങ്ങി
തപാല്‍വോട്ടിനുള്ള 12 ഡി ഫോറങ്ങള്‍ ജില്ലയില്‍ വിതരണം തുടങ്ങി. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ഫോറം വിതരണമാണ് തുടങ്ങിയത്. ഫോറങ്ങള്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തപാല്‍വോട്ടിന് അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ചു നല്‍കും. വിവിധ വകുപ്പുകളിലും വിഭാഗങ്ങളിലും എത്രപേര്‍ക്ക് തപാല്‍ വോട്ട് വേണ്ടിവരുമെന്ന വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്കും ഫോറം വിതരണം ചെയ്യും.
ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍
നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ 13 റിട്ടേണിങ് ഓഫിസര്‍മാരെയാണു 13 നിയോജക മണ്ഡലങ്ങളിലേക്കു നിയമിച്ചത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റിട്ടേണിങ് ഓഫീസര്‍മാര്‍ : വടകര – ഷാജു എന്‍.ഐ (ആര്‍.ഡി.ഒ വടകര) 0495-2371005, കുറ്റ്യാടി – എലിസബത്ത് പുന്നൂസ് (പ്രിന്‍സിപ്പല്‍.അഗ്രി.ഓഫീസര്‍, കോഴിക്കോട്) 0495-2370897, നാദാപുരം – മുഹമ്മദ് അഷ്‌റഫ് ടി (ജോ.രജിസ്റ്റാര്‍, കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ജനറല്‍)0495-2727334, കൊയിലാണ്ടി – മിനി ആര്‍.കെ ( എല്‍.ആര്‍ ഡെ.കലക്ടര്‍) 0495- 2371622, പേരാമ്പ്ര – രജീഷ് ടി.ആര്‍ (ജില്ലാ ലേബര്‍ ഓഫീസര്‍) 0495-2370538, ബാലുശ്ശേരി – ഷൈന്‍ (എല്‍.എ ഡെ.കലക്ടര്‍)0495-2376061, എലത്തൂര്‍ – ഗോപിനാഥ് കെ (ആര്‍.ആര്‍ ഡെ.കലക്ടര്‍)0495-2374713, കോഴിക്കോട് നോര്‍ത്ത് – ജി. പ്രിയങ്ക (സബ് കലക്ടര്‍, കോഴിക്കോട്) 0495- 2375458, കോഴിക്കോട് സൗത്ത് – ഫിറോസ് കാട്ടില്‍ (ഡെ.കമ്മിഷണര്‍,കൊമേഴ്‌സല്‍ ടാക്‌സസ്) 0495-2770036, ബേപ്പൂര്‍ – അരുണ്‍ എസ്.എസ് (ഡെ.ഡയരക്ടര്‍, പഞ്ചായത്ത്) 0495-2371799, കുന്നമംഗംലം – അബ്ദുല്‍ ജലീല്‍ ഡി.വി (അസി.ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍, ജനറല്‍) 0495-2371055), കൊടുവള്ളി – രജത്ത് ജി.എസ് (ഡെ.ഡയരക്ടര്‍ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്) 0495- 2370343, തിരുവമ്പാടി – ശശിധരന്‍ വി.കെ (ജില്ലാ സപ്ലൈ ഓഫീസര്‍) 0495-2370655.