
വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇതോടൊപ്പം ആണ് സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുന്നത്. ബത്തേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്.എന്‍ എം വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.ബത്തേരി സഹകരണ ബാങ്കിലെ നിയമനവും, അതിന്റെ മറവില്‍ നടക്കുന്ന വലിയ സാമ്പത്തിക തട്ടിപ്പുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന് പണം വാങ്ങുന്നതായി അറിയില്ലെന്നും ഇക്കാര്യങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നുമാണ് ഐസി ബാലകൃഷ്ണന്‍ മറുപടി നല്‍കിയത്. നേരത്തെ ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഐ സി ബാലകൃഷ്ണന്‍. ആവശ്യമെങ്കില്‍ എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു.