അദാനി വിഷയത്തിൽ പാർലമെൻ്റ് നടപടികൾ ഇന്നും സ്തംഭിച്ചു.വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഭാ നടപടികൾ പ്രക്ഷുബ്ദമായത്. ജനാധിപത്യത്തെ അപകടത്തിലാക്കി സർക്കാർ അദാനിയുടെ ക്രമക്കെടുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.16 പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധിച്ചത്.രാവിലെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ചേർന്നിരുന്നു. ഇത്രയധികം തെളിവുകൾ പുറത്തുവന്നിട്ടും അദാനി ഗ്രൂപ്പിനെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു. ഈ വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.അതേസമയം കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം ഡൽഹി അടക്കം വിവിധ സംസ്ഥാനങ്ങളിൽ സംഘർഷത്തിൽ കലാശിച്ചു. ഡൽഹിയിൽ ബാരിക്കേട് മറികടന്ന് മുന്നോട്ട് പോകാൻ യൂത്ത് കോൺഗ്രസ് അംഗങ്ങൾ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ഭോപ്പാൽ, മുംബൈ, ചണ്ഡീഗഢ്, ബംഗലൂരു തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലിസും തമ്മിൽ എറ്റുമുട്ടി.