ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാൻറെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാർക്കും, വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും തീരുമാനം ബാധകമല്ലെന്ന് ഔദ്യോഗിക വാർത്താ ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തിൽ നിരവധി പേരെയാണ് ഇറാനിൽ തുറങ്കിൽ അടച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു ഇവർക്ക് ശിക്ഷയിൽ ഇളവില്ലെന്നും ഇറാൻ വിശദമാക്കി.
മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. പലമേഖലയിൽ നിന്നുള്ള ഇറാൻ ജനതയാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. 1979ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്താൻ പ്രതിഷേധത്തെ തുടർന്ന് ഇറാൻ ഭരണകൂടം നിർബന്ധിതരായിരുന്നു. സെപ്തംബറിൽ ആരംഭിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് 20000ത്തോളം പേരെയാണ് ഇറാൻ ജയിലിൽ അടച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശദമാക്കുന്നത്.
പ്രതിഷേധത്തെ സേനയെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമത്തിൽ 500 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും ആക്ടിവിസ്റ്റുകൾ വിശദമാക്കുന്നത്. ഇതിൽ 70 പേർ പ്രായപൂർത്തിയാവാത്തവരെന്നാണ് റിപ്പോർട്ട്. ശത്രുരാജ്യങ്ങളുടെ പ്രബോധനത്തിൽ വഴിതെറ്റിയ യുവതലമുറ തെറ്റിലേക്ക് വീണുവെന്നാണ് നിയമ തലവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാൻറെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേർന്ന് എൻജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിൽ മതകാര്യ പൊലീസ് നിർത്തലാക്കി
റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാർത്ഥിനികളും തെരുവിലിറങ്ങിയിരുന്നു. രാജ്യത്തെ വലച്ച പ്രതിഷേധത്തിന് പിന്നാലെ മതകാര്യ പൊലീസ് സംവിധാനം ഇറാൻ ഭരണകൂടം പിരിച്ചുവിട്ടിരുന്നു.

