ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 118 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭൂചലനം റിക്ടെർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരു രാജ്യങ്ങലിലുമുണ്ടായത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 100 വർഷത്തിന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് രേഖപ്പെടു്ത്തിയത്.ഇന്ന് പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. തുർക്കിയിലെ ഗാസിയാൻ്റെപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. സിറിയയിലും ലെബനനിലുമുൾപ്പടെ ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തിൽ തുർക്കിയിൽ 76 പേർ കൊല്ലപ്പെടുകയും 440 അധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത നിവാരണ ഏജൻസിയായ എഎഫ്എഡി അറിയിച്ചു. അയൽ രാജ്യമായ സിറിയയിൽ 42 പേരാണ് മരിച്ചത്. 200 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. സിറിയയിൽ അലെപ്പോ, ഹമ, ലതാകിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ വളരെയേറെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. രാജ്യത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

