താര സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്നു നിർവ്വഹിച്ചു. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് ഈ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമ്മയുടെ മുന്നോട്ടുളള പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. കോവിഡ് കാലത്ത് ഷോ നടത്തുക സാധ്യമല്ല. അതിനാൽ ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
140 ഓളം ആർട്ടിസ്റ്റുകൾ അതിൽ വർക്ക് ചെയ്യാനാകും. ആശീർവാദാണ് സിനിമ നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം രാജീവ് കുമാർ ആണ്. ക്രൈം ത്രില്ലർ സിനിമയാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുകയെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി. 2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നിർമ്മാണജോലികൾ വൈകുകയായിരുന്നു. 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണ് കെട്ടിടത്തിലുളളത്. പ്രസിഡന്റിനും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവച്ചിട്ടുണ്ട്. പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗമാണ്. ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളും കഫെറ്റീരിയയും കെട്ടിടത്തിലുണ്ട്.അമ്മ രൂപീകരിച്ച് 26 വർഷങ്ങൾ പിന്നിടുമ്പോഴാണ് സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുന്നത്. 1994 മേയ് 31ന് തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന പേരിൽ ഈ കൂട്ടായ്മ ആരംഭിക്കുന്നത്.