കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ റോഡ് ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കാനാണ് തീരുമാനം. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരിക്കും ഉപരോധം.
ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിക്കുക. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് അറിയിച്ചു.സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മൂന്ന് മണിക്ക് ഒരു മിനിറ്റ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കി ആയിരിക്കും സമരം സമാപിക്കുക.
അവശ്യ സേവനങ്ങളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങൾ ഒഴിവാക്കണമെന്ന നിര്‍ദേശവും സമിതി നൽകിയിട്ടുണ്ട്. സമരത്തെ നേരിടുന്നത് ചര്‍ച്ച ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമരം നടക്കുന്ന ഡൽഹി അതിര്‍ത്തികൾക്ക് ചുറ്റും പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചത്.

