സ്കൂൾ കലോത്സവത്തിലെ മത്സരക്രമത്തിന്‍റെ കാര്യത്തിൽ ഇന്ന് ചേർന്ന ഉന്നത അവലോകന യോഗത്തിൽ നിർണായക തീരുമാനം. കലോത്സവ വേദികളിൽ നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റി തീരുമാനിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംഘാടകസമിതി ഓഫീസിൽ ചേർന്ന ജില്ലാ ടീം കോ ഓർഡിനേറ്റർമാരുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപ്പീലുകളുടെ ആധിക്യവും കുട്ടികൾ വേദിയിലെത്താൻ വൈകുന്നതും മൽസരങ്ങൾ വൈകുന്നതിന് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയക്രമം പാലിക്കാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.മൽസരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കുട്ടികൾ വേദിയിൽ സമയത്തിനെത്തി എന്ന് ജില്ലാ കോ ഓർഡിനേറ്റർമാർ ഉറപ്പുവരുത്തണം. ഒന്നിലധികം മൽസരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററിൽ ക്രമീകരണം നടത്തും. അതിനായി നേരത്തേ ക്ലാഷ് ലിസ്റ്റ് തയ്യാറാക്കി കുട്ടികളെ അറിയിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനറും 14 ജില്ലാ കോ ഓർഡിനേറ്റർമാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും അതുവഴി നിർദേശങ്ങൾ കൃത്യമായി വിനിമയം ചെയ്യാനും തീരുമാനിച്ചു. മത്സരഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയികൾക്ക് മെമെന്റോ വിതരണം ചെയ്യും.സമാപന ദിവസം ഉച്ചക്ക് ഒരു മണിക്ക് മൽസരങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. വേദികളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ സൗജന്യ ഓട്ടോ സേവനം പ്രയോജനപ്പെടുത്താം . മൽസരങ്ങൾ നല്ലനിലയിൽ പുരോഗമിക്കുന്നതായും കുട്ടികൾ സന്തുഷ്ടരാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, എം എൽ എമാരായ എം മുകേഷ്, എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, 14 ജില്ലകളിലെയും കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.