തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി
നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ജനുവരി 8 മുതല്‍
തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ജനുവരി 8 മുതല്‍ കോഴിക്കോട്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന മേളയോടനുബന്ധിച്ചുള്ള തൊഴില്‍ നൈപുണ്യ ശില്‍പശാല നാളെ രാവിലെ ഒമ്പത് മണിക്ക് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന്
കേരള നോളേജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും ഈ തൊഴില്‍ മേള സഹായകമാകും. ഐ.ടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍ ,മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീ ടൈ ല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാ ര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, റ്റാക്‌സ് മുതലായവയില്‍ 100ലധികം കമ്പനികളിലായി 15,000ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. തൊഴിലന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതലറിയാന്‍ https://youtu.be/HzbhfFU-X_Mo വീഡിയോ കാണുക.
വിവരങ്ങള്‍ക്ക് – 0471 2737881
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം തയ്യാറാക്കി ജനുവരി 12നോ അതിനു മുമ്പായോ കലക്ടറേറ്റ് ഇലക്ഷന്‍ സെക്ഷനില്‍ പെന്‍ഡ്രൈവിലാക്കി സമര്‍പ്പിക്കണം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാണ് ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യേണ്ടത്. മത്സരം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കോളേജ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്ത് ദേശീയ സമ്മതിദായക ദിനാചരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ പങ്കാളികളാവണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
ബോധവത്കരണ സെമിനാര്‍ നാളെ
ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും കയര്‍ ബോര്‍ഡും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയുടെ (പിഎംഇജിപി) പ്രചരണാര്‍ത്ഥം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാളെ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന ബോധവത്കരണ സെമിനാര്‍ നടത്തും. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 9.30 ന് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 9747075138.
പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക പരിശീലന ക്യാമ്പ്
പുതിയതായി സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 24ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ജനുവരി 15വരെ നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770534 ലോ nbfc.coordinator@gmail.com ഇ-മെയിലിലോ ബന്ധപ്പെടാം.
സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ് വിതരണം
അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളില്‍ നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് 2021- 22 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്ക് വാങ്ങിയിട്ടുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ജനുവരി 31 ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ടുമെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്ടോപ് വിതരണത്തിന് പരിഗണിക്കുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവ കേരള ഗവണ്‍മെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്സിന് ഒരു പ്രാവശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്സ് കാലയളവിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപൂര്‍ണ്ണമായതോ നിശ്ചിത തിയ്യതിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മേഖലാ ഓഫിസുമായി ബന്ധപ്പെടണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2768094.
എം.എ മലയാളം സീറ്റൊഴിവ്
താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സില്‍ ഇ.ഡബ്ല്യുഎസ് വിഭാഗം സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ ഇന്ന് (ജനുവരി 7) രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in.
ഡിഎല്‍-എഡ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഡി.എല്‍.എഡ് 2021-23 വര്‍ഷത്തെ ഗവ. വിഭാഗം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ : www.kozhikodedde.in ല്‍ ലഭിക്കും.
ചുരുക്കപ്പെട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ അഗ്രികള്‍ച്ചര്‍ എസ് സി യൂണിറ്റ് വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് എന്‍സിഎ – എച്ച്എന്‍, കാറ്റഗറി നം. 643/2017 തസ്തികയുടെ ചുരുക്കപ്പട്ടിക പസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പില്‍ സീമാന്‍ എന്‍സിഎ – വിശ്വകര്‍മ്മ, കാറ്റഗറി നം. 078/2016 തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II കാറ്റഗറി നം. 418/2019 തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജനുവരി മാസത്തെ സിറ്റിംഗ് ജനുവരി 12, 13 തീയതികളില്‍ രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 11ന്
കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക്് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അഭിമുഖം ജനുവരി 11 ന് രാവിലെ 11 മണിക്ക് ഗവ.ഐടി.ഐ യില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി തുക ശേഖരണം
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ 2021- 22 വര്‍ഷത്തെ തുക ശേഖരണത്തിന്റെ ഒന്നാം ഘട്ടം ജനുവരി 14 വരെയും രണ്ടാം ഘട്ടം 2022 ജനുവരി 25 മുതല്‍ 31 വരെയും മൂന്നാം ഘട്ടം ഫെബ്രുവരി 23 മുതല്‍ 28 വരെയും അതത് കേന്ദ്രങ്ങളിലൂടെ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ രേഖകള്‍ സഹിതം നരിട്ട് ഹാജരാകണം. 2021ല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം അടച്ച രശീതി, ക്ഷേമനിധി വഹിതം അടച്ചത് രേഖപ്പെടുത്തിയ ക്ഷേമനിധി പാസ്സബുക്ക്, ആനുകൂല്യം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഗുണഭോക്താവിന്റെ പേരിലുള്ള ദേശസാത്കൃത ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 2022 ജനവരിയില്‍ അടയ്ക്കേണ്ട രണ്ടാംഗഡു തുകയായ 500 രൂപ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ഫോണ്‍ : 0495 2383780.
ക്വട്ടേഷന്‍ ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് നിരത്ത് പരിപാലനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ച് വര്‍ഷത്തിലധികം പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റ് ഉളള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. തപാലിലും സ്പീഡ് പോസ്റ്റ് മുഖേനയും ക്വട്ടേഷന്‍ അയക്കാം. അവസാന തീയതി ജനുവരി 13 വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 7594975398.
വാഹന ലേലം 18 ന്
കോഴിക്കോട് സിറ്റി പോലീസ് യൂണിറ്റിന്റെ പരിധിയിലുളള വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുളളതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ വാഹനങ്ങള്‍ ജനുവരി 18ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു സായുധസേനാ വിഭാഗം കാര്യാലയത്തില്‍ ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരസ്യലേലം വഴി വില്‍പ്പന നടത്തുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495 2722673.
മരം ലേലം
കുന്ദമംഗലം – അഗസ്ത്യമൂഴി – എന്‍.ഐ.ടി റോഡിലുളള ആറ് മഹാഗണി മരങ്ങള്‍
പൊതുമരാമത്ത് വകുപ്പ് ദേശീയപാത ബൈപ്പാസ് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കോഴിക്കോട് ഓഫീസ് പരിസരത്ത് ഫെബ്രുവരി 10ന് രാവില 11 മണിക്ക് ലേലം ചെയ്യും