വെള്ളന്നൂരില്‍ സ്ഥിതി ചെയ്തിരുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പീഢനം; പ്രതി ബഷീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കുന്ദമംഗലം എസ്.എച്ച്.ഒ ജയന്‍ ഡൊമിനികിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ അനധികൃതമായി താമസിപ്പിച്ചതിനും ലൈംഗീകമായി ചൂഷണം ചെയ്തതിനും കോഴിക്കോട് പോക്‌സോ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. ആ കേസില്‍ കുന്ദമംഗലം പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തുന്നത്. പൊലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ ബഷീര്‍ പോക്‌സോ കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
നേരത്തെ ടീം ബി സ്ഥാപനം പൂവാട്ടുപറമ്പ് തോട്ടുമുക്ക് സ്ഥിതി ചെയ്തിരുന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ ബഷീറിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ഈ രണ്ട് പോക്‌സോ കേസുകളെ കൂടാതെ ജാനകി എന്ന സ്ത്രീയെ വൃദ്ധ സദനത്തില്‍ നിന്നും തെറ്റിദ്ധരിപ്പിച്ച് ടീം ബിയില്‍ കൊണ്ടുവന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത സംഭവത്തിലും മാഹി സ്വദേശികളായ അമ്മയേയും മകനേയും താമസിപ്പിച്ച് അവരുടെ പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത സംഭവത്തിലും ഈ സ്ഥാപനത്തിലെ മാനേജരടക്കം റിമാന്‍ഡിലാണ്.
യാതൊരു രേഖയുമില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സ്ഥാപനം പൊലീസ് പൂട്ടിച്ചു. കവര്‍ച്ച, അനധികൃതമായി താമസിപ്പിക്കല്‍ എന്നിവ കൂടാതെ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കവേ പൊലീസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും മാനേജരടക്കം അഞ്ചുപേരാണ് റിമാന്‍ഡിലുള്ളത്.
വെള്ളന്നൂരുള്ള ടീം ബി വാടകക്കെടുത്തിരുന്ന കെട്ടിടത്തില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. യുകെ യില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ ഭാര്യയെ നിര്‍ബ്ബന്ധിതമായി മൊഴി ചൊല്ലിച്ചു എന്നൊരു പരാതിയും ഇയാള്‍ക്കെതിരെ കുന്ദമംഗലം പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. അന്വേഷണം നടന്നുവരികയാണ്.