കോഴിക്കോടിന് ഉത്സവ വിരുന്നൊരുക്കിയ സര്‍ഗോത്സവത്തിന് ഇന്ന് (ജനു. 6) സമാപനം. ഗോത്ര കലാരൂപങ്ങളുടെ തുടിതാളത്തിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോഴിക്കോട്. രണ്ടാംദിനത്തില്‍ ഡോ അംബേദ്കര്‍ മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുനന്തപുരം 78 പോയന്റുമായി മുന്നിട്ടു നില്ക്കുന്നു. 77 പോയന്റുമായി തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. 71 പോയന്റുമായി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പറവനടുക്കം കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്.
പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സര്‍ഗോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പരമ്പരാഗത ഗാനം, നാടകം, മിമിക്രി തുടങ്ങിയ പ്രധാന ഇനങ്ങളാണ് അരങ്ങിലെത്തിയത്. മാനാഞ്ചിറ വേദിയില്‍ രാവിലെ ഉദ്ഘാടന ചടങ്ങോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് കലാമേള ഉദ്ഘാടനം ചെയ്തു. എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഒന്നാം വേദി പരമ്പരഗത ഗാനത്തിലേക്ക് മാറി. രണ്ടാം വേദിയായ സരോവരത്തില്‍ നാടകം അരങ്ങുണർത്തി. മൂന്നാംവേദിയായ കാപ്പാടിൽ ലളിതഗാനവും മിമിക്രിയും നാലാം വേദിയിയായ ‘ബേപ്പൂരി’ല്‍ ജലഛായവും പെന്‍സില്‍ ഡ്രോയിംഗും ‘തുഷാരഗിരി’യെന്ന അഞ്ചാം വേദിയില്‍ ഇംഗ്ലീഷ് ഉപന്യാസ രചനയും കഥാരചനയും നടന്നു.
കലാമേള രണ്ടാം ദിനം പിന്നിട്ടപ്പോൾ പരാതികളൊന്നു മില്ലാതെയാണ് മത്സരങ്ങള്‍ നടന്നത്. മത്സരങ്ങളുടെ സമയക്രമവും നല്ല നിലയില്‍ പാലിക്കാനുംകഴിഞ്ഞു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെയും സമ്പൂര്‍ണ സഹകരണം ഉറപ്പാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് സര്‍ഗോത്സവം നടക്കുന്നത്.
കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (ജനു. 6) രണ്ട് ഇനങ്ങളിലാണ്ത്സരം. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും വൈകീട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ-നിയമ-സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന് നിര്‍വ്വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
സര്‍ഗോത്സവ വേദിയില്‍ ഗോത്ര ശീലുകള്‍ ഉയര്‍ത്തി പരമ്പരാഗത ഗാനം
തുടികൊട്ടിക്കയറിയ താളത്തിനൊപ്പം ഗോത്ര നൃത്തച്ചുവടുകളാണ് സര്‍ഗോത്സവ വേദിയിൽ ഉയര്‍ന്നു കേട്ടത്. വേദിയും ചുറ്റുപാടും ഒരു നിമിഷം ഗോത്ര തന്മയത്തിലേക്ക് ലയിച്ചു ചേര്‍ന്നു. പട്ടികവര്‍ഗ്ഗ പരമ്പരാഗത ഗാനമാണ് സര്‍ഗോത്സവ വേദിയിലെത്തിയവര്‍ക്ക് വേറിട്ട അനുഭവമായി മാറിയത്. ആഘോഷ വേളകള്‍, മരണാനന്തര ചടങ്ങുകള്‍, കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കാണ് ഗോത്ര ഊരുകളില്‍ പരമ്പരാഗത ഗാനം ആലപിക്കുക.
ഗോത്ര ഊരുകളുടെ തനത് സംഗീതത്തില്‍ കാണികള്‍ താളമിട്ടപ്പോള്‍ അതിനൊപ്പം വിദ്യാര്‍ത്ഥികളും പാടിക്കയറി. ബൈറ, തവില്‍, ജാല്റ, തുടി തുടങ്ങിയ തനത് വാദ്യോപകരണങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന പരമ്പരാഗത ഗാനത്തെ പത്തുമിനിറ്റില്‍ ചുരുക്കിയാണ് മത്സരാര്‍ത്ഥികള്‍ വേദിയില്‍ അവതരിപ്പിച്ചത്.
എപ്ലസ് മധുരവുമായി നന്ദിനി
ഇടുക്കിയിലെ ഇടമലക്കുടിയില്‍ നിന്നും സര്‍ഗോത്സവം മത്സരവേദിയിലെത്തി എ പ്ലസ് കരസ്ഥമാക്കി കൊച്ചു മിടുക്കി നന്ദിനി. പ്രളയം പഠിപ്പിച്ച പാഠം എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരത്തിലാണ് നന്ദിനിക്ക് ഗ്രേഡ് ലഭിച്ചത്. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നാണ് നന്ദിനി മത്സരത്തിനായി എത്തിയത്. പ്രത്യേക പരിശീലനം ഒന്നും ലഭിക്കാതെ ഹോസ്റ്റല്‍ വായനശാലയിലെ പുസ്തകങ്ങള്‍ വായിച്ച അറിവുകള്‍ മാത്രമാണ് നന്ദിനിക്ക് കൂട്ടായുള്ളത്. ചാലക്കുടി പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കുട്ടിചാലക്കുടി ഗവ ഈസ്റ്റ് സ്കൂളിലെഏഴാം ക്ലാസുകാരിയാണ്.
സര്‍ഗോത്സവം പോലൊരു വേദിയിലേക്ക് ആദ്യമായാണ് നന്ദിനി മത്സരിക്കാന്‍ എത്തുന്നത്. ആദ്യ മത്സരത്തില്‍ തന്നെ എ ഗ്രേഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് നന്ദിനി. പ്രസംഗ മത്സരത്തിലും നന്ദിനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രാമരാജന്‍ സീതാദേവി ദമ്പതികളുടെ മകളായ നന്ദിനിക്ക് പഠിച്ച് ഡോക്ടറാകാ നാണ് ആഗ്രഹം.
സ്വാഗതഗാനം ആലപിച്ച് കയ്യടി നേടി ചാലക്കുടി എംആര്‍എസ്
സര്‍ഗോത്സവ വേദിയില്‍ ആലപിച്ച സ്വാഗത ഗാനത്തിന് പതിനഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. ഏഴാം സര്‍ഗോത്സവ വേദിക്കു കൂടി സ്വാഗതമോതിയതോടെ നാലാം തവണയാണ് ചാലക്കുടി എം.ആര് എസിന്റെ ഗാനം മേളയിലെത്തുന്നത്. നാല്പത്തിയഞ്ചു കുട്ടികള്‍ അണിനിരന്നു പാടിയ ഗാനം എഴുതിയത്, 2005 ല്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ആറു പേര് ചേര്‍ന്നാണ്. കുട്ടികളുടെ ഗാനത്തിന് അധ്യാപകന് എം.കെ ഹരി മോഹനരാഗത്തില്‍ ഈണം നല്കി. ആദ്യമായി സ്വന്തം സ്കൂളിലെ ഉദ്ഘാടന ചടങ്ങിനു തന്നെ ആലപിച്ചു. ശ്രോതാക്കള്‍ ഏറ്റുപിടിച്ച ഗാനം പിന്നീട് സര്‍ഗോത്സവത്തില്‍ എത്തുകയായിരുന്നു. ‘പരശുരാമന് മഴുവെറിഞ്ഞ നാള് എന്ന് തുടങ്ങുന്ന ഗാനം ആതിഥ്യം വഹിക്കുന്ന സ്ഥലത്തിനനുസരിച്ച് പേരുകള്‍ മാറ്റി ചേര്‍ക്കാം എന്നത് കൂടുതല്‍ ജനപ്രിയമാക്കി.