കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിശദവാദം നടക്കും. ജാമ്യം അനുവദിക്കരുതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കോടതിയില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കും.
ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയുള്ള ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദവും വളരെ നിര്‍ണായകമാകും. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.