ഓട്ടിസമുള്ള എട്ട് വയസുകാരൻ മകനെ തണുത്ത് വിറച്ച് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പിതാവായ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരൻ. ന്യൂ യോർക്ക് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മിഷേൽ വാൽവയെ ആണ് മകൻറെ മരണത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയത്. മൂന്ന് വർഷം മുൻപാണ് ഗാരേജിൽ തണുത്ത് വിറച്ച നിലയിൽ മിഷേലിൻറെ എട്ടുവയസുകാരൻ മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈപ്പോതെർമിയ മൂലം ഹൃദയാഘാതമുണ്ടായാണ് എട്ടുവയസുകാരനായ തോമസ് മരിച്ചതെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമാക്കിയത്.
ലോംഗ് ഐലൻഡ് സ്വദേശിയാണ് മിഷേൽ. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൻ സ്കൂളിൽ നിന്ന് നിരവധി തവണ ചൈൽഡ് ലൈൻ സഹായം തേടിയിരുന്നു. ശാരീരികമായും മാനസികമായും മിഷേൽ തോമസിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ജൂറി കണ്ടെത്തി. ആറ് ആഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് മിഷേൽ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്. തേഡ് ഡിഗ്രി കൊലപാതക്കുറ്റമാണ് മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്. മുൻ കാമുകിയുമായുള്ള മെസേജുകളാണ് കേസിൽ മിഷേലിനെതിരെയുള്ള സുപ്രധാന തെളിവുകളായത്.
മിഷേലും മുൻ കാമുകിയും ചേർന്ന് തോമസിനേയും സഹോദരനായ പത്ത് വയസുകാരനേയും മണിക്കൂറുകളോളം പൂട്ടിയിടാറുണ്ടായിരുന്നു. തണുത്ത് മരച്ച ഗാരേജിലും തോമസിനെ പൂട്ടിയിടാറുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടിട്ടുണ്ടെന്ന് തോമസിൻറെയും സഹോദരൻറെയും അധ്യാപികമാരും കോടതിയിൽ മൊഴി നൽകി. തോമസും സഹോദരൻ ആന്റണിക്കും കൃത്യമായി ഭക്ഷണം നൽകാറുണ്ടായിരുന്നില്ലെന്നും പലപ്പോഴും പാഴായ ഭക്ഷണം നിലത്തുനിന്ന് കഴിക്കേണ്ട അവസ്ഥ കുട്ടികൾക്ക് ഉണ്ടായിരുന്നവെന്നും ജൂറി കണ്ടെത്തി. സ്കൂളിൻ പോകുന്നതിന് മുൻപ് യൂണിഫോമിൽ മണ്ണ് പുരട്ടിയതിനായിരുന്നു ജനുവരി 17ന് തോമസിനെ ഗാരേജിൽ പൂട്ടിയിട്ടത്.
വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷമായിരുന്നു അത്. വീടിന് പിൻവശത്തേക്ക് കൊണ്ടു പോയി ശരീരത്തിൽ വെള്ളമൊഴിച്ച ശേഷം ഗാരേജിൽ തള്ളുകയായിരുന്നു. 19 ഡിഗ്രി അന്തരീക്ഷ താപനിലയുള്ള സമയത്തായിരുന്നു തോമസിനെ നഗ്നനാക്കി തണുത്ത് മരച്ച ഗാരേജിൽ മിഷേൽ തള്ളിയത്. വിവരം കാമുകിയോട് പറയാനും ഇയാൾ മടിച്ചില്ല. ഹൃദയത്തിൽ ചെന്നായയേപ്പോലെ പെരുമാറിയെന്നാണ് ജൂറി ഇയാളെ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ചയാണ് കോടതി ഇയാളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

